
മലയാളികളുടെ പ്രിയങ്കരിയായ ഗായിക സിത്താര കൃഷ്ണകുമാറിന് ഇന്ന് 38-ാം പിറന്നാള്‍. ശ്രുതി ശുദ്ധമായ ആലാപന വൈഭവം കൊണ്ടും പാടിയ ഓരോ പാട്ടും പുതുമയുള്ളതാക്കുന്ന ശബ്ദ സൗകുമാര്യം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗാനലോകത്ത് തന്റേതായ ഇടം സിത്താര നേടി. സിനിമയില്‍ പാട്ടിന്‍റെ സിറ്റുവേഷന്‍ ഏതുമാകട്ടെ പാടാന്‍ സിത്താരയുണ്ടല്ലോ എന്നാണ് സംഗീത സംവിധായകരുടെ പക്ഷം. പാട്ട് അത് മെലഡിയോ, ക്ലാസിക്കലോ, സെമി ക്ലാസിക്കലോ , ഫാസ്റ്റ് നമ്പറോ ഏത് വിഭാഗത്തിലാണെങ്കിലും അതിനെല്ലാം പോന്നതാണ് തന്‍റെ ശബ്ദമെന്ന് ഇക്കാലം കൊണ്ട് സിത്താര തെളിയിച്ചു കഴിഞ്ഞു.
കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം എന്ന റിയിലാറ്റി ഷോയിലെ വിജയിയായാണ് സിത്താര പിന്നണി ഗാനലോകത്തേക്ക് കടന്നുവരുന്നത്. സ്കൂള്‍, കോളേജ്, സര്‍വകാലാശാല കലോത്സവങ്ങളിലെ മിന്നും താരം. പാട്ടിനൊപ്പം നൃത്തത്തിലും പ്രാവീണ്യം നേടി. അൽഫോൺസ് ജോസഫ് സംഗീതം ഒരുക്കിയ അതിശയൻ എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയില്‍ പാടി. എല്‍സമ്മ എന്ന ആൺകുട്ടിയിലെ 'കണ്ണാരം പൊത്തി പൊത്തി'എന്ന ഫോക്ക് ടച്ചുള്ള ടൈറ്റില്‍ സോങ്ങില്‍ സിത്താര നടത്തിയ ശബ്ദ വ്യതിയാനങ്ങൾ ആ പാട്ടിനെയും പാട്ടുകാരിയെയും കൂടുതല്‍ പ്രിയപ്പെട്ടതാക്കി.
പിന്നീടങ്ങോട്ട് മലയാളത്തിലെ തിരക്കേറിയ പിന്നണി ഗായികയായി മാറി സിത്താര. 2012ൽ എം. ജയചന്ദ്രന്‍ ഈണമിട്ട സെല്ലുലോയ്ഡിലെ ' ഏനുണ്ടോടി അമ്പിളിചന്തം' എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ആദ്യ സംസ്ഥാന പുരസ്കാരം. ഇതേ ഗാനത്തിന്‍റെ തമിഴ് പതിപ്പും സിത്താര തന്നെയാണ് പാടിയത്. പിന്നാലെ വിമാനം, കാണെക്കാണെ എന്നീ ചിത്രങ്ങളിലൂടെ പുരസ്കാര നേട്ടം ആവർത്തിച്ചു. ചലച്ചിത്ര പിന്നണി രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴും സ്റ്റേജ് ഷോകളിലും കച്ചേരികൾക്കും റിയാലിറ്റി ഷോകളിൽ വിധികർത്താവായും ടെലിവിഷൻ പ്രോഗ്രാമുകളിലും സജീവമാണ് സിത്താര. തുടക്കകാലത്ത് അഞ്ച് പാട്ടിനും അഞ്ച് ശബ്ദമെന്നുള്ള വിമർശനം നേരിട്ടപ്പോള്‍ ഏതു റേഞ്ചിലും പാടാൻ കഴിയുന്ന ആളാണ് താനെന്ന് തെളിയിച്ചുകൊണ്ടാണ് സിത്താര വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.
കര്‍ണാടക സംഗീതത്തിന്‍റെ പ്രൗഢിക്കൊപ്പം ഗസലും ഹിന്ദുസ്ഥാനിയും നാടന്‍ പാട്ടുമെല്ലാം ഒരുപോലെ ആസ്വാദകരിലേക്ക് എത്തിക്കുന്നതുകൊണ്ടാണ് സിത്താര സംഗീത സംവിധായകരുടെ ഫസ്റ്റ് ചോയ്സ് ആകുന്നത്. തന്‍റെ രാഷ്ട്രീയമെന്താണെന്ന് തുറന്നുപറയുന്നതിനും അത് പാട്ടിലൂടെ പ്രകടിപ്പിക്കുന്നതിനും സിത്താര ഒരു മടിയും കാട്ടിയിട്ടില്ല. ഗായിക, നര്‍ത്തകി എന്നിവയ്ക്കൊപ്പം സംഗീത സംവിധായിക, അഭിനേത്രി എന്നീ നിലകളിലും തന്‍റെ സാന്നിധ്യമറിയിക്കാന്‍ സിത്താരയ്ക്ക് സാധിച്ചു. ആളുകളുടെ ഇഷ്ടത്തിന് കോട്ടം തട്ടാതെ അവരുടെ പ്രതീക്ഷയ്ക്കൊത്ത് പാടണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് സിത്താര പറയുന്നു. നിലപാടുകൾ സധൈര്യം പറയുമ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ആശയങ്ങളോടു മാത്രമാണെന്നും വ്യക്തിപരമല്ലെന്നും ചെറുപുഞ്ചിരിയോടെ കൂട്ടിച്ചേർക്കുന്നുമുണ്ട് സിത്താര.