തന്റെ പുതിയ ചിത്രമായ റോബിന്‍ഹുഡിന്റെ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് താരം ഇക്കാര്യം പറഞ്ഞത്
പുഷ്പ 2ല്‍ അല്ലു അര്‍ജുനൊപ്പം ഡാന്‍സ് നമ്പര്‍ ചെയ്തിരിക്കുന്നത് നടി ശ്രീലീലയാണ്. കിസ്സിക് എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വെച്ചിരിക്കുന്നത്. ഗാനം പുറത്തിറങ്ങിയത് മുതല്‍ പുഷ്പ 1ലെ സമാന്തയുടെ ഊ ആന്‍ടവയുമായി കിസ്സികിനെ ആരാധകര്‍ താരതമ്യം ചെയ്യുന്നുണ്ട്. താന്‍ എന്തിനാണ് കിസ്സിക് ചെയ്യാന്‍ തീരുമാനിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീലീല ഇപ്പോള്‍.
തന്റെ പുതിയ ചിത്രമായ റോബിന്‍ഹുഡിന്റെ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. കിസ്സിക് ഒരു സാധാരണ ഡാന്‍സ് നമ്പര്‍ അല്ല. അതിന് പിന്നില്‍ ശക്തമായൊരു കാരണമുണ്ട് അത് സിനിമ റിലീസ് ആകുമ്പോള്‍ മനസിലാകും എന്നാണ് ശ്രീലീല പറഞ്ഞത്.
ദേവി ശ്രീ പ്രസാദാണ് കിസ്സിക് എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍. പുഷ്പ ദി റൈസിലെ സംഗീത സംവിധാനത്തിന് ദേവി ശ്രീ പ്രസാദിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 2 കോടിയാണ് ഡാന്‍സ് നമ്പറിനായി ശ്രീലീലയുടെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. സമാന്തയ്ക്ക് ഊ ആന്‍ടവ ചെയ്യാന്‍ ലഭിച്ച പ്രതിഫലം 5 കോടിയായിരുന്നു.
എന്നാല്‍ തന്റെ പ്രതിഫലത്തെ കുറിച്ച് നിര്‍മാതാവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് ശ്രീലീല വ്യക്തമാക്കിയത്. സമാന്ത രൂത്ത് പ്രഭു, ശോഭിത എന്നിവരില്‍ നിന്നും കിസ്സികിലെ പ്രകടനത്തിന് ശ്രീലീലയ്ക്ക് അഭിനന്ദനം ലഭിച്ചിരുന്നു.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 ഡിസംബര്‍ 5നാണ് തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ പോലെ തന്നെ അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. 2021ല്‍ പുഷ്പയുടെ ആദ്യ ഭാഗം ബോക്‌സ് ഓഫീസ് ഹിറ്റാവുകയും അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.