
കേരളത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച സിനിമയാണ് 'ദി കേരള സ്റ്റോറി'. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും ഈയിടയ്ക്ക് പുറത്ത് വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ആസ്പദമായിട്ടായിരിക്കും ചിത്രം ഒരുങ്ങുക എന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇത് വലിയ ചർച്ച ആയതോടെ പ്രതികരണവുമായി സംവിധായകൻ സുദീപ്തോ സെൻ രംഗത്ത് വന്നു.
ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും എന്നാൽ അതിന് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. "ഈ വാർത്ത എങ്ങനെ വന്നു എന്നറിയില്ല. അതെന്തായാലും സത്യമല്ല. ഈ റിപ്പോർട്ടുകൾ കണ്ടതിനു ശേഷം എനിക്കും വിപുൽ ഷായ്ക്കും ( നിർമാതാവ് ) ചിരിയാണ് വന്നത്. കേരള സ്റ്റോറിക്ക് എന്തായാലും തുടർച്ച ഉണ്ടാകും, അതിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി യാതൊരു ബന്ധവുമില്ല". സുദീപ്തോ സെൻ പറഞ്ഞു.
ദി കേരള സ്റ്റോറിയുടെ സ്വീക്വലിൽ പുതിയ അഭിനേതാക്കളാകും ഉണ്ടാവുക എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ആദ്യം ചിത്രീകരണം തുടങ്ങുമെന്നും, 2025 ന്റെ രണ്ടാം പകുതിയോടെ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി അവരെ കൊണ്ട് രാജ്യത്തിനകത്തും പുറത്തും ഭീകരവാദം നടത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രത്തിനെതിരെ വലിയ പ്രതിക്ഷേധം ഉയർന്നിരുന്നു. മധ്യ പ്രദേശിലും ഉത്തർ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ചിത്രത്തിന് നികുതിയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യം നൽകിയിരുന്നു.