
സൗദി വെള്ളക്കയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ എല്‍360. കഴിഞ്ഞ ദിവസമാണ് ചിത്രം ഷെഡ്യൂള്‍ ബ്രേക്ക് ആയത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും മോഹന്‍ലാലിനൊപ്പമുള്ള അനുഭവവും ന്യൂസ് മലയാളവുമായി പങ്കുവെച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.
മോഹന്‍ലാലിന് വേണ്ടി സിനിമ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം പരിഭ്രമിച്ചു
സൗദി വെള്ളക്ക കഴിഞ്ഞ സമയത്താണ് എനിക്ക് ലാല്‍ സാറിന്റെ ഒരു പ്രൊജക്ട് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട് ഒരു കോള്‍ വരുന്നത്. എന്നെ സംബന്ധിച്ചടെത്തോളം ഞാന്‍ ആ സോണിലുള്ള സിനിമകളൊന്നും ചെയ്ത ആളല്ല. മോഹന്‍ലാലിന് വേണ്ടി ഒരു സിനിമ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ആദ്യമായിട്ടൊന്ന് പരിഭ്രമിച്ചു. എന്നാലും ഒന്നു വന്നു കണ്ടു നോക്ക് എന്ന് പറഞ്ഞിട്ടാണ് ഞാനും എന്റെ ഡയറക്ഷന്‍ ടീമും കൂടി തിരുവനന്തപുരത്തേക്ക് ചെല്ലുന്നത്. അങ്ങനെ ലാല്‍ സാറിന് അടുത്ത് ആദ്യമെ സംസാരിച്ചിരുന്ന ഒരു സബ്ജക്ടാണ് ഇതെന്ന് പറഞ്ഞു. അതിന്റെ ഒരു ത്രെഡ് മാത്രമായിട്ടാണ് പറയുന്നത്. കെആര്‍ സുനില്‍ എന്ന വ്യക്തിയുടെ കഥയാണ്. അദ്ദേഹം അതിന്റെ കുറച്ച് ഭാഗങ്ങളൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഞാന്‍ ഇത് വര്‍ക്ക് ചെയ്ത് നോക്കി എന്റെ സോണില്‍ വര്‍ക്കൗട്ടായി വന്ന് എനിക്ക് ചെയ്യാന്‍ കൊതി തോന്നുകയാണെങ്കില്‍ ഇത് കമ്മിറ്റ് ചെയ്യാം എന്ന് പറഞ്ഞാണ് നമ്മള്‍ പിരിയുന്നത്.പിന്നെ എന്നെ ചുറ്റിപറ്റി നില്‍ക്കുന്നവരെല്ലാം തന്നെ ഭയങ്കരമായൊരു മോഹന്‍ലാല്‍ ഫാന്‍ ആയതുകൊണ്ടും ലാല്‍ സാറിനെ യൂസ് ചെയ്യണമെന്ന് കൊതിയുള്ളവരുമായതുകൊണ്ടും ഇത് പിന്നീട് നമ്മുടെ എല്ലാ ദിവസത്തേയും എക്‌സൈറ്റ്‌മെന്റ് ആയി മാറുകയായിരുന്നു. പിന്നെ അത് നമ്മളുടെ ശ്വാസമായി മാറി. സുനിലേട്ടനെ നമ്മള്‍ പോയി കണ്ടു. സുനിലേട്ടന്‍ എങ്ങനെയാണിത് എക്‌സിക്യൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. പിന്നെ എന്റേതായ രീതിയില്‍ കഥയില്‍ കുറച്ച് മാറ്റങ്ങളെല്ലാം വരുത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇപ്പോഴത്തെ ഒരു സിനിമ ആസ്വാദനത്തിന്റെ ഭാഗമായി നമുക്ക് കുറച്ച് കാര്യങ്ങളൊക്കെ വേണ്ടതായിട്ടുണ്ട്. അത് ഓക്കെയാണെങ്കില്‍ നമുക്ക് മുന്നോട്ട് പോകാം എന്ന് പറഞ്ഞാണ് ഈ സിനിമ തുടങ്ങുന്നത്.
പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് കൂടികാഴ്ച്ചകള്‍ നടന്നു. നിര്‍മാതാവ് രഞ്ജിത്ത് ഏട്ടനുമായി മാസങ്ങളോളം കണ്ട് ഒരുപാട് ഡ്രാഫ്റ്റുകള്‍ തിരിച്ചും മറച്ചുമിട്ടിട്ടാണ് ലാല്‍ സാറിനെ കാണാനായി പോകുന്നത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ അന്ന് ലാല്‍ സാറിനെ നേരിട്ട് കാണുന്നത്. അതിന് മുമ്പ് കണ്ടിട്ടുണ്ടെങ്കില്‍ പോലും ആദ്യമായി കുണ്ടന്നൂരുള്ള ഫ്‌ലാറ്റില്‍ വെച്ചിട്ടാണ് മീറ്റിംഗ് നടക്കുന്നത്. അന്ന് രഞ്ജിത്തേട്ടനും ലാല്‍ സാറും ഏകദേശം ഒരു മൂന്ന് മൂന്നര മണിക്കൂറോളം സ്‌ക്രിപ്റ്റിനെ കുറിച്ച് സംസാരിക്കുന്നു. സെക്കന്റ് ഹാഫില്‍ ലാല്‍ സാര്‍ ചില അഭിപ്രായങ്ങളൊക്കെ പറഞ്ഞു. അതൊക്കെ നമുക്ക് കേള്‍ക്കുമ്പോള്‍ എക്‌സൈറ്റ്‌മെന്റ് തോന്നുന്ന ചില സജഷന്‍സ് ആയിരുന്നു.
പിന്നീട് യുകെയിലെ എമ്പുരാന്റെ ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ പെട്ടന്നൊരു കോള്‍ വരുകയായിരുന്നു. നമുക്ക് ഇരിക്കാമെന്ന് പറഞ്ഞ്. അങ്ങനെ ഞാന്‍ പോയി ഇപ്പോഴുള്ള ചെറിയ മാറ്റങ്ങള്‍ വരുത്തിയ ഡ്രാഫ്റ്റ് പറയുന്നു. ഓണ്‍ ദ സ്‌പോട്ട് നമുക്ക് ചെയ്യാമെന്ന് പറയുകയായിരുന്നു. എപ്പോള്‍ ചെയ്യാം എങ്ങനെ ചെയ്യാം എന്നൊന്നുമല്ല പറയുന്നത്. നമുക്ക് ചെയ്യാം എന്ന് പറയുന്നു. അങ്ങനെ ഞാനും സുനിലേട്ടനുമെല്ലാം നിന്ന നില്‍പ്പില്‍ ലാല്‍ സാറിനൊപ്പം ഒരു ഫോട്ടോ എടുത്തു. പിന്നെ ഇത് എപ്പോള്‍ അനൗണ്‍സ് ചെയ്യാം എന്നും അറിയില്ലായിരുന്നു. ഞാന്‍ ആണെങ്കില്‍ ആഷിക് ഉസ്മാന്‍-ബിനു പപ്പു കൂട്ടുകെട്ടില്‍ ഒരു സിനിമ ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പിലും നില്‍ക്കുന്ന സമയത്താണ് ഇത് വരുന്നത്. ശേഷം വിഷുവിന്റെ അന്ന് രഞ്ജിത്തേട്ടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ട്രാവന്‍കൂര്‍ കോര്‍ട്ടിലേക്ക് വാ ലാല്‍ സാറിന്റെ ഒരു കോള്‍ വന്നിരുന്നു എന്ന്. അങ്ങനെ ഇത്രാം തീയതി സിനിമ തുടങ്ങാന്‍ പറ്റുമോ എന്നാണ് ചോദിച്ചത്. ഷൂട്ടിന് മുന്‍പ് 35 ദിവസം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഈ 35 ദിവസം കൊണ്ട് ലാല്‍ സാറിന്റെ പ്രൊജക്ട് ഞാന്‍ എങ്ങനെ ഓണ്‍ ആക്കും എന്നായിരുന്നു എന്‍റെ ചിന്ത.
ലാല്‍ സാറിന് വേണ്ടി നീ നിന്റെ ഫിലിം മേക്കിംഗ് മാറ്റണ്ട
എനിക്ക് ആഷിക് ഉസ്മാനോടും ബിനു പപ്പുവിനോടും കമ്മിറ്റ്‌മെന്‍റ് ഉണ്ടായിരുന്നു. പക്ഷെ ലാല്‍ സാര്‍ ഒരു ഡേറ്റ് പറയുകയും എന്നോട് ആലോചിക്കാന്‍ പറയുകയും ചെയ്യുകയായിരുന്നു. അപ്പോള്‍ ആദ്യം എനിക്ക് ആലോചിക്കേണ്ടത് ആഷികും ബിനുവും ആയിട്ടായിരുന്നു.മോഹന്‍ലാല്‍ പ്രൊജക്ട് വന്നിട്ട് നീ എന്തിനാണ് ഞങ്ങളോട് ഈ ചോദ്യം ചോദിക്കുന്നത്. അത് ചെയ്യൂ എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. പിന്നെ ഷാജി ചേട്ടന്‍ വരുന്നു സമീറ വരുന്നു ഗോകുലേട്ടന്‍ വരുന്നു. പിന്നെ എക്‌സ്പീരിയന്‍സ് ആയിട്ടുള്ള നല്ല ടീം നമുക്കൊപ്പം വന്നപ്പോള്‍ തന്നെ കോണ്‍ഫിഡന്‍സ് ആയി. എനിക്ക് ഷൂട്ടിന് മുന്‍പ് ലാല്‍ സാര്‍ പടത്തിന്റെ ഫുള്‍ സ്‌ക്രിപ്റ്റ് വായിക്കണമെന്ന് നല്ല നിര്‍ബന്ധമുണ്ടായിരുന്നു. അതെന്‍റെ ആഗ്രഹമായിരുന്നു. അങ്ങനെ സ്‌ക്രിപ്റ്റ് കൊടുക്കാന്‍ പോയപ്പോള്‍ ആന്‍റണി ചേട്ടനും രഞ്ജിത്തേട്ടനും അവിടെ ഉണ്ടായിരുന്നു. എന്നെ ഇങ്ങനെ കണ്ടപ്പോഴേക്കും എക്‌സൈറ്റ്‌മെന്റിലാണോ എന്നെല്ലാം ചോദിച്ച് അവര്‍ എന്നെ കൂള്‍ ആക്കാന്‍ ശ്രമിച്ചു.
അപ്പോള്‍ അവര്‍ പറഞ്ഞൊരു കാര്യമുണ്ട്, ഒരുപാട് പുതിയ സംവിധായകര്‍ കഥ വന്ന് പറയാറുണ്ട്. പലര്‍ക്കും ഡേറ്റ് കൊടുക്കും ചിലരുടെ കഥ ഇഷ്ടപ്പെടില്ല. പിന്നെ ചില ആളുകള്‍ നമ്മളെ തേടി പിടിച്ച് വരും. അപ്പോഴൊക്കെ സംഭവിക്കുന്നത്, ലാല്‍ സാറിനെ കാണുമ്പോള്‍ ഇവരെല്ലാം എക്‌സൈറ്റഡ് ആവുകയും അവരുടേതായൊരു ലോകത്ത് സിനിമയുണ്ടാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യാറ്. അത് മാറ്റിവെക്കണം. തരുണിനെ ഞങ്ങള്‍ വിളിച്ചതിന് കാരണം തരുണിന്‍റെ ഫിലിംമേക്കിംഗ് ഇഷ്ടപ്പെട്ടതുകൊണ്ടാണ്. ആ ഫിലിംമേക്കിംഗിലേക്ക് മോഹന്‍ലാല്‍ എന്ന് പറഞ്ഞ നടനെ കൊണ്ടുവന്ന് വെച്ചാല്‍ മതി. ലാല്‍ സാറ് വരുമ്പോള്‍ എക്‌സൈറ്റഡാവാതിരിക്കുക. നിങ്ങള്‍ നിങ്ങളുടെ ഫിലിംമേക്കിംഗില്‍ തന്നെ പോവുക. ലാല്‍ സാറിനെ നിങ്ങള്‍ കാണുന്ന സാധാരണ ഒരു നടനെ പോലെ കണ്ട് അദ്ദേഹത്തിന്റെ ബെസ്റ്റ് എടുക്കുക എന്നാണ് അവര്‍ അന്ന് എന്നോട് പറഞ്ഞത്. ആ കോണ്‍ഫിഡന്‍സിന്റെ പുറത്താണ് എനിക്ക് 35 ദിവസത്തില്‍ ഈ സിനിമ ഓണ്‍ ആക്കാന്‍ പറ്റുമെന്ന ഉറപ്പുണ്ടാകുന്നത്.
എന്റെ ഇന്‍സെക്യൂരിറ്റീസ് ഞാന്‍ അസിസ്‌റ്റോ അസോസിയേറ്റോ ചെയ്ത വന്ന ആളല്ല എന്നതായിരുന്നു. പിന്നെ ഇവരൊക്കെ എക്‌സ്പീരിയന്‍സ്ഡായവരാണ്. അപ്പോള്‍ ഞാന്‍ സെറ്റില്‍ പെരുമാറുന്ന രീതിയെല്ലാം മോശമായി പോകുമോ എന്ന ചിന്ത എനിക്കുണ്ടായിരുന്നു. അതെല്ലാം മാറ്റി തന്നത് ആന്‍റണി ചേട്ടനും രഞ്ജിത്ത് ഏട്ടനും കൂടിയാണ്. നിന്‍റെ ഫിലിം മേക്കിംഗില്‍ ലാല്‍ സാറിനെ കൊണ്ടുവന്ന് നിര്‍ത്തിയാല്‍ മതി. ലാല്‍ സാറിന് വേണ്ടി നീ നിന്റെ ഫിലിം മേക്കിംഗ് മാറ്റണ്ട എന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്.
ലാല്‍ സാര്‍ ഒരു അത്ഭുത മനുഷ്യന്‍
ലാല്‍ സാര്‍ വളരെ കംഫര്‍ട്ടബിള്‍ ആയി നമുക്കൊപ്പം നിന്ന്, എന്താണ് വേണ്ടത് സാര്‍ എന്നൊക്കെ ചോദിച്ച് ഒരു കുട്ടിയെ പോലെ വന്ന് നില്‍ക്കുന്ന ഒരു നടനാണ്. പിന്നെ ഞാന്‍ സ്‌ക്രിപ്റ്റ് കൊടുത്തപ്പോഴേ ലാല്‍ സാറിന്‍റെ മനസില്‍ ഒരു കഥാപാത്രമുണ്ട്. അതുകൊണ്ട് തന്നെ പിന്നീട് ലാല്‍ സാറിനെ ട്യൂണ്‍ ചെയ്യാന്‍ അങ്ങനെ വലിയ പ്രെഷറോ സ്ട്രഗിളോ ഒന്നും ഉണ്ടായിട്ടില്ല. എന്താണ് വേണ്ടത്, എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്നെല്ലാം പറഞ്ഞ് ഒന്നോ രണ്ടോ മൂന്നോ ടേക്കിനുള്ളില്‍ എല്ലാം ഓക്കെയാക്കുന്ന ഒരു അത്ഭുത മനുഷ്യന്‍.
ശോഭന മാം നമ്മുടെ ആദ്യ ചിന്തയില്‍ ഉണ്ടായിരുന്നു. പിന്നീട് അതിന് പകരം പുതിയ ആരെങ്കിലും മതിയെന്ന ആലോചനയുണ്ടായി. പക്ഷെ ശോഭന മാം വരുമ്പോള്‍ ഈ സിനിമയ്ക്ക് കഥാപരമായി കിട്ടുന്ന കുറേ എക്‌സൈറ്റ്‌മെന്റുകള്‍ ഉണ്ട്. പിന്നെ ഇവരെ കാസ്റ്റ് ചെയ്യുന്നതിന് ഒപ്പം തന്നെ നമുക്ക് സ്‌ക്രിപ്റ്റില്‍ പറയാത്തത് പലതും പ്രേക്ഷകനെ വിശ്വസിപ്പിക്കാന്‍ സാധിക്കും. അങ്ങനെയൊരു ചിന്തയില്‍ നിന്നാണ് ശോഭന മാമിനെ കാസ്റ്റ് ചെയ്താലോ എന്നൊരു ചോദ്യം വരുന്നത്. അതിനിടയ്ക്ക് ലോകേഷിന്‍റെ പടം ചെയ്യുന്നു എന്ന് കേള്‍ക്കുന്നു. അതിനിടയില്‍ നമ്മള്‍ ഇത് പോയി ചോദിക്കുന്നത് ശരിയാണോ എന്ന സംശയങ്ങളെല്ലാം ഉണ്ടായിരുന്നു. പിന്നെ രജപുത്ര രഞ്ജിത്തും ശോഭന മാമും തമ്മില്‍ നല്ല ബന്ധമാണ്. അങ്ങനെയാണ് വിളിക്കുന്നത്.
ഒരു ദിവസം എനിക്ക് ശോഭന മാമിന്‍റെ വീഡിയോ കോള്‍ വന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ സ്‌ക്രിപ്റ്റ് റീവര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വീഡിയോ കോള്‍ വരുന്നത്. നിന്ന നില്‍പ്പില്‍ ചാടി എഴുന്നേറ്റ് വീഡിയോ കോള്‍ ഓണ്‍ ആക്കിയപ്പോള്‍ കഥ പറയൂ തരുണ്‍ എന്ന് പറയുകയായിരുന്നു. അങ്ങനെ ഞാന്‍ എങ്ങനെയൊക്കെയോ ഫോണില്‍ കൂടി കഥ പറഞ്ഞൊപ്പിച്ചു. അപ്പോള്‍ എന്നോട് പറഞ്ഞു, ഓക്കെ ഡേറ്റ് എന്നൊക്കെയാണ് വേണ്ടതെന്ന് പറയൂ, ഞാന്‍ അത് വന്ന് ചെയ്ത് തന്നേക്കാം.
ശോഭന എന്ന് പറഞ്ഞാല്‍ നടി എന്നതിലുപരി ഒരു കലാകാരി കൂടിയാണല്ലോ. കലയെ കൊണ്ട് നടക്കുന്ന ഒരാളാണ്. അപ്പോള്‍ ഞാന്‍ കഥകളിയൊക്കെ ചെയ്യുന്ന ആളാണെന്ന് മാമിനോട് പറഞ്ഞു. ഞാന്‍ നിന്നെ പറ്റിയെല്ലാം വായിച്ചു എല്ലാം ഗൂഗിളില്‍ തപ്പിയിട്ടാണ് നിന്നെ വീഡിയോ കോള്‍ ചെയ്തത് എന്ന് പറഞ്ഞു എന്നോട്. പിന്നീട് ആദ്യ ദിവസം വന്നപ്പോള്‍ മുതല്‍ എന്‍റെ മോനുമായിട്ട് മാമിന് നല്ല അടുപ്പമുണ്ടായിരുന്നു. പിന്നെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുപോകാന്‍ നേരത്ത് മാമിന് ഭയങ്കര സങ്കടമായിരുന്നു. ഇപ്പോഴും ഷൂട്ടില്‍ ഇല്ലെങ്കില്‍ പോലും നല്ലൊരു ഫാമിലി മെമ്പറിനെ പോലെ നമുക്ക് മെസേജ് അയക്കും. കരുതലോട് കൂടി നമ്മളോട് കാര്യങ്ങള്‍ ചോദിക്കുകയും സംസാരിക്കുകയും എല്ലാം ചെയ്യുന്ന വ്യക്തിയാണ്. ഇവരെ എല്ലാം നമ്മള്‍ കാണുമ്പോള്‍ വലിയ വലിയ ആളുകളായി തോന്നും. എന്നാല്‍ ഇവരെല്ലാം ചെറുതാണ്. മനുഷ്യത്വം ഒരുപാട് ഉള്ള ആളുകളാണ്. ഭയങ്കര രസമായിരുന്നു ആ പ്രൊസസ്.
ഒരു ദിവസം ഞാന്‍ ലാല്‍ സാറിനോട് ചോദിച്ചു
ഈ സിനിമ തുടങ്ങുന്ന അന്ന് മുതല്‍ എല്ലാ മീറ്റിംഗുകളിലും ഞാന്‍ എന്‍റെ ടീമിനോട് പറയുന്നത്, ഈ സിനിമയ്ക്ക് വേണ്ടി നിങ്ങളൊരു പ്രെഷറും എടുക്കേണ്ട എന്നാണ്. നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും കഥാപാത്രങ്ങളെ കുറിച്ചുമെല്ലം കൃത്യമായ ബോധ്യമുണ്ട്. എനിക്കൊരു വിഷനുണ്ട്. അതിനൊപ്പം നിങ്ങള്‍ നില്‍ക്കണം. trust me, trust the process എന്ന് വളരെ കൃത്യമായി ഞാന്‍ എല്ലാവരോടും പറഞ്ഞിരുന്നു. പിന്നെ അതിനെല്ലാം ഈ പറയുന്ന സൗഹൃദം ഭയങ്കരമായി ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. ചില നോട്ടത്തില്‍ നിന്ന് തന്നെ എന്റെ പ്രശ്‌നമെന്താണെന്ന് പറയാതെ തന്നെ അളക്കാന്‍ ബിനു ചേട്ടന് പറ്റും. അതോടൊപ്പം ഒരുപാട് കാര്യങ്ങള്‍ ബിനു ചേട്ടന്‍ സോര്‍ട്ട് ചെയ്യുന്നുണ്ടായിരിക്കും. പിന്നെ രഞ്ജിത്ത് ഏട്ടന്‍ ഒരിക്കലും ഈ സിനിമയ്ക്ക് ഇന്നത് വേണ്ട എന്ന് തീരുമാനിക്കാറില്ല. വേണ്ടതെല്ലാം തരാന്‍ രഞ്ജിത്തേട്ടനും തയ്യാറാണ്. സുനിലേട്ടനും എല്ലാ സമയവും എന്‍റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. പിന്നെ നീയാണിത് ഡയറക്ട് ചെയ്യേണ്ടത് എന്ന് പറയും. അതൊക്കെ കേള്‍ക്കുമ്പോള്‍ ശരിയായ വഴിയിലാണെന്ന തോന്നല്‍ നമുക്കുണ്ടാകും. ഇതെല്ലാം ആ പ്രൊസസ് എഞ്ചോയബിള്‍ ആക്കാനുള്ള കാര്യങ്ങളാണ്. നമ്മള്‍ വളരെ ആസ്വദിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഓരോ ദിവസവും സംതൃപ്തിയോടെയാണ് വന്ന് കിടക്കുന്നത്. ഇത്രയും മഴയെല്ലാം ഉണ്ടായിട്ടും നമ്മള്‍ അത് ചെയ്തു എന്നുള്ളതാണ്.
ഞാന്‍ ഒരു ദിവസം ലാല്‍ സാറിനോട് ചോദിച്ചു, ഹാപ്പിയാണോ എന്ന്. അപ്പോള്‍ നിങ്ങളല്ലേ ഹാപ്പിയാകണ്ടേ എന്ന് എന്നോട് പറഞ്ഞു. നിങ്ങളൊരു പുതിയ രീതിയിലാണ് അത് മെയ്ക്ക് ചെയ്യുന്നത്. മൊമന്റ്‌സ് ആണല്ലെ നിങ്ങളുടെ ഇംപോര്‍ട്ടന്റ് ഫാക്ടര്‍ എന്ന് എന്നോട് ചോദിച്ചു. നല്ല മൊമന്റ്‌സ് ഉണ്ടാകുമ്പോള്‍ അത് പ്രേക്ഷകന് രസമായിരിക്കുമെന്ന് ഞാനും പറഞ്ഞു. അത് നന്നായിട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പോവുകയും ചെയ്തു. ആ മൊമന്റ് ഉണ്ടാക്കണമെങ്കില്‍ നമ്മള്‍ ചുറ്റും ഇങ്ങനെ ബലം പിടിച്ചിരുന്നിട്ടൊന്നും കാര്യമില്ല. നല്ല മൊമന്റ്‌സ് ഉണ്ടാകണമെങ്കില്‍ നമ്മള്‍ ആര്‍ട്ടിസ്റ്റുകളെ ഫ്രീ ആയിട്ട് വിടണം. പിന്നെ അവര്‍ വന്നു നില്‍ക്കുന്ന സ്ഥലം അവര്‍ക്ക് കണ്‍വിന്‍സിംഗ് ആയിരിക്കണം. അതിപ്പോള്‍ അടുക്കളയാണെങ്കിലും കടയാണെങ്കിലും. ഗോകുലേട്ടന്‍ അങ്ങനത്തെ സ്ഥലങ്ങള്‍ നമുക്ക് തന്നു. സിനിമാറ്റോഗ്രാഫര്‍ അങ്ങനത്തെ ഒരു ലൈറ്റിംഗും നമുക്ക് തന്നു. സമീര്‍ അവര്‍ക്ക് കണ്‍വിന്‍സിംഗ് ആയിട്ടുള്ള കോസ്റ്റ്യൂമുകളും തന്നു. അപ്പോള്‍ മൊമന്റ്‌സ് ഉണ്ടാക്കാന്‍ സാധിക്കും. ഞങ്ങള്‍ വിശ്വസിക്കുന്നത് ആ മൊമന്റിസിലാണ്. അത് ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
മീശ പിരി ഒഴികെ എല്ലാമുണ്ട്
എല്‍360 എന്ന് പറയുമ്പോള്‍ ഒരു സുഖമുണ്ട്. ബറോസിന്‍റെ അപ്‌ഡേറ്റും എമ്പുരാന്‍റെ അപ്‌ഡേറ്റുകളും ഒക്കെ ഒന്ന് പ്രോപ്പറായി വന്ന് നില്‍ക്കുന്ന സമയത്ത് നമ്മളുടേതായൊരു സ്‌പേസ് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ആ സ്‌പേസ് ഉണ്ടായി വന്നിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ പ്രമോഷന്‍റെ കാര്യത്തില്‍ അങ്ങനെ വലിയ ടെന്‍ഷനുകളൊന്നുമില്ല. കാരണം നമുക്കുള്ളത് മോഹന്‍ലാല്‍ എന്ന് പറയുന്ന വലിയൊരു ബ്രാന്‍ഡ്. അതിനൊപ്പം തന്നെ രജപുത്ര എന്ന് പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസ്, ലാല്‍ സാറിനോട് ഒപ്പം നില്‍ക്കാന്‍ കഴിയുന്ന ശോഭന മാം. അതൊക്കെയുള്ളപ്പോള്‍ ഇങ്ങനെയൊരു സിനിമയുണ്ട് എന്നത് ഒരുപക്ഷെ മലയാളികള്‍ക്ക് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. പിന്നെ നമ്മുടെ സിനിമയ്ക്ക് മുന്നെ ബറോസ് എന്ന് പറഞ്ഞ ഒരു ബ്രഹ്മാണ്ഡ സിനിമ റിലീസ് ചെയ്യാനിരിക്കുന്നു. എമ്പുരാന്‍റെ ഷൂട്ട് നമുക്ക് മുന്നെ തുടങ്ങിയതാണ്. അപ്പോള്‍ അതിന്‍റെയെല്ലാം ഇടയില്‍ അങ്ങനെ കൊടുക്കണ്ട എന്ന് തോന്നിയത് കൊണ്ടാണ് ഞങ്ങള്‍ പേര് പുറത്തുവിടാതിരുന്നത്. പിന്നെ ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ടല്ലോ. പിന്നെ നമ്മുടെ സിനിമയുടെ പേരില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നുള്ളതും സന്തോഷമാണ്.
എക്‌സൈറ്റ്‌മെന്‍റ് ഉണ്ടെങ്കിലെ സിനിമ ഓരോ ദിവസവും മുന്നോട്ട് പോവുകയുള്ളൂ. സ്‌ക്രിപ്റ്റ് കയ്യില്‍ കിട്ടുന്നത് മുതല്‍, ലാല്‍ സാര്‍ കമ്മിറ്റ് ചെയ്തത് മുതല്‍ ഇനി ഷൂട്ട് ചെയ്യാനുള്ള 25 ദിവസത്തെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ വരെ എക്‌സൈറ്റ്‌മെന്‍റാണ്. ഇനി ഷൂട്ട് ചെയ്യാനുള്ളതെല്ലാം വളരെ എക്‌സൈറ്റ്‌മെന്‍റ് നിറഞ്ഞ ഭാഗങ്ങളാണ്. അതിങ്ങനെ നിലനിര്‍ത്തികൊണ്ടേ ഇരിക്കുന്നു. പിന്നെ പല സീനുകളും നമ്മള്‍ എഴുതുമ്പോള്‍ ഇത് ലാല്‍ സാര്‍ എങ്ങനെ ചെയ്യുമെന്നൊരു എക്‌സൈറ്റ്‌മെന്റ് ഉണ്ട്. നമ്മുടെ മനസില്‍ ലാല്‍ സാര്‍ എങ്ങനെയായിരിക്കും ചെയ്യുക എന്ന് പുള്ളിയുടെ സിനിമ കരിയര്‍ വെച്ചിട്ട് നമുക്ക് അറിയാം. ഈ മൊമന്‍റില്‍ ഇങ്ങനെയായിരിക്കും നോക്കാന്‍ പോകുന്നത് എന്നൊക്കെ നമുക്ക് അറിയാമായിരിക്കും. അതായിരിക്കും നമ്മള്‍ പ്രതീക്ഷിച്ച് പോയി പറയുന്നത്. അതൊന്നും അല്ലാതെ പുതിയൊരു സാധനം തരാന്‍ എപ്പോഴും ലാല്‍ സാര്‍ ശ്രമിക്കും. എന്നാലും നമ്മുടെ ഒക്കെ ഒരു വിന്റേജ് കൊതികൊണ്ട്, ചില സമയത്ത് അത് തന്നൂടെ എന്ന് ചോദിക്കുമ്പോള്‍, എന്റെ വയറില്‍ പിടിച്ച് നുള്ളിയിട്ട് പറയും വേണ്ടത് ഞാന്‍ കൊടുത്തില്ലേ സാര്‍. അപ്പോള്‍ നമ്മള്‍ ഓക്കെ എന്ന് പറയും. എന്നാലും ഇടയ്ക്ക് നമുക്ക് വേണ്ടി ഓരോന്നൊക്കെ തരും. പിന്നെ വിന്റേജ് എന്ന് പറഞ്ഞ് ഒരുപാട് റീക്രിയേറ്റ് ചെയ്യേണ്ടെന്ന് നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്നാലും നമുക്ക് ഇഷ്ടമുള്ള കുറേ മൊമന്‍റുകളുണ്ട്. ലാല്‍ സാറിന്‍റെ ചിരി, നോട്ടമെല്ലാം. മീശ പിരി ഒഴിച്ച് ബാക്കിയെല്ലാം ഉണ്ട്.