
തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണം അടിസ്ഥാനരഹിതമെന്ന് നടന്‍ സിദ്ദീഖ്. അഞ്ച് വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച ആരോപണമാണിതെന്നും അന്ന് ബലാത്സംഗം ചെയ്‌തെന്ന് നടി പറഞ്ഞിരുന്നില്ലെന്നും സിദ്ദീഖ് പറഞ്ഞു. ഇപ്പോഴാണ് ബലാത്സംഗ പരാതി ഉന്നയിച്ചത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു. ഹൈക്കോടതിയില്‍ നല്‍കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ വാദങ്ങള്‍ സിദ്ദീഖ് ഉന്നയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
ALSO READ : ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതി; നടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
അതേസമയം, സിദ്ദീഖിനെതിരെയുള്ള ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. നടന്‍ താമസിച്ചിരുന്ന മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു. 2016 ജനുവരി 28ന് 101 Dയെന്ന മുറിയിലാണ് സിദ്ദീഖ് താമസിച്ചതെന്നും സ്ഥീരികരിച്ചിട്ടുണ്ട്. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നടി സിദ്ദീഖിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. 2016 ല്‍ സിനിമ ചര്‍ച്ചയ്ക്കായി വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണ് സിദ്ദീഖിനെതിരെയുള്ള പരാതി. അതിക്രൂരമായ ബലാത്സംഗം നടന്നതായിട്ടാണ് നടി മൊഴി നല്‍കിയത്.