
പൂർണിമ ഇന്ദ്രജിത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഒരു കട്ടില്‍ ഒരു മുറി'യുടെ ട്രെയിലർ റിലീസ് ചെയ്തു. 'കിസ്മത്ത്', 'തൊട്ടപ്പന്‍' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മുറി ഒരു കട്ടിൽ. 'അവരൊരു മാലാഖയുടെ കെൽപ്പുള്ള സ്ത്രീയാണെടാ അതുപോലത്തെ സ്ത്രീയെ ഞാൻ മുൻപ് കണ്ടിട്ടില്ല' എന്നൊരു കഥാപാത്രം പറയുന്നതിലൂടെയാണ് ട്രെയ്‌ലർ തുടങ്ങുന്നത്. ചിത്രം ഒരേ സമയം ത്രില്ലറും ഇമോഷണൽ ഡ്രാമയുമാണെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ് സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ജോർജ്ജാണ് നിർവഹിക്കുന്നത്.
പൂർണിമ ഇന്ദ്രജിത്തിന് പുറമെ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍, ഹരിശങ്കര്‍, രാജീവ് വി. തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.