നടി സില്‍ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് ഡേര്‍ട്ടി പിക്ച്ചര്‍
വിദ്യ ബാലന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഡേര്‍ട്ടി പിക്ച്ചറിലേത്. വിദ്യ ബാലന്‍ ചിത്രത്തില്‍ നടി സില്‍ക്ക് സ്മിതയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിരവധി പേര്‍ താരത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തന്റെ ഇമേജിനെ അത്തരം സിനിമകളും കഥാപാത്രങ്ങളും ബാധിക്കുമെന്നും നിരവധി പേര്‍ വിദ്യയോട് പറഞ്ഞിരുന്നു. പക്ഷെ വിദ്യ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ എങ്ങനെ ഡേര്‍ട്ടി പിക്ച്ചര്‍ എതിര്‍പ്പുകളെ മറികടന്ന് എടുത്തുവെന്ന് വെളിപ്പെടുത്തി. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.
സംവിധായകന്‍ മിലന്‍ ലുത്തീര തന്നെ ഡേര്‍ട്ടി പിക്ച്ചറിനായി സമീപിച്ചപ്പോള്‍ പെട്ടന്ന് തന്നെ താരം ഓക്കെ പറയുകയായിരുന്നു എന്ന് പറഞ്ഞു. അത് അവരുടെ കരിയറിലെ മികച്ച തീരുമാനമായിരുന്നുവെന്നും വിദ്യ വ്യക്തമാക്കി. 'എനിക്ക് ഓര്‍മ്മയുണ്ട് നിരവധി പേര്‍ അത്തരം കഥാപാത്രങ്ങള്‍ എന്റെ ഇമേജിനെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്ത് ഇമേജെന്ന്. ഞാന്‍ എന്റെ കരിയര്‍ അപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ. കുറച്ച് സിനിമകള്‍ മാത്രമെ ഞാന്‍ ചെയ്തിട്ടുണ്ടായിരുന്നുള്ളു. എന്റെ ഇമേജിനെ അങ്ങനെ പരിമിതപ്പെടുത്തേണ്ടതില്ലെന്ന് എനിക്ക് തോന്നി', വിദ്യ ബാലന്‍ പറഞ്ഞു.
ഡേര്‍ട്ടി പിക്ച്ചറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും താരം സംസാരിച്ചു. 'രണ്ടാം ഭാഗം ചെയ്യാന്‍ എനിക്ക് താത്പര്യമുണ്ട്. ഞാന്‍ റെഡിയാണ്. അത് ഗംഭീരമായിരിക്കും. പിന്നെ കുറച്ച് കാലമായി ഞാന്‍ അത്തരത്തിലുള്ള റോളുകള്‍ ചെയ്തിട്ട്', വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
നടി സില്‍ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് ഡേര്‍ട്ടി പിക്ച്ചര്‍. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു. ഭൂല്‍ ഭുലയ്യ 3യാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്‍, മാധുരി ധീക്ഷിത് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.