സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ AI സൃഷ്ടി മാത്രം; അതില്‍ യാതൊരു പങ്കുമില്ലെന്ന് വിദ്യ ബാലന്‍

പ്രചരിക്കുന്ന വീഡിയോയില്‍ ‘Scam Alert’ എന്ന് ചേര്‍ത്തുകൊണ്ടാണ് വിദ്യയുടെ കുറിപ്പ്
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ AI സൃഷ്ടി മാത്രം; അതില്‍ യാതൊരു പങ്കുമില്ലെന്ന് വിദ്യ ബാലന്‍
Published on



സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെ വീഡിയോ എ.ഐ. നിര്‍മിതവും ആധികാരവുമല്ലെന്ന് നടി വിദ്യ ബാലന്‍. അവയൊന്നും തന്റെ കാഴ്ചപ്പാടുകളെയോ പ്രവര്‍ത്തനങ്ങളെയോ പ്രതിഫലിപ്പിക്കുന്നതല്ല.തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള എ.ഐ. നിര്‍മിത ഉള്ളടക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും വിദ്യ ആരാധകരോട് ആവശ്യപ്പെട്ടു. 'ഹായ്, ഞാന്‍ നിങ്ങളുടെ പ്രിയപ്പെട്ട വിദ്യാ ബാലന്‍' എന്ന് തുടങ്ങുന്നൊരു വീഡിയോയാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. അത് പങ്കുവെച്ചുകൊണ്ടാണ് വിദ്യയുടെ മുന്നറിയിപ്പ്.

പ്രചരിക്കുന്ന വീഡിയോയില്‍ ‘Scam Alert’ എന്ന് ചേര്‍ത്തുകൊണ്ടാണ് വിദ്യയുടെ കുറിപ്പ്. 'സമൂഹമാധ്യമങ്ങളില്‍ എന്റെ മുഖം ഉള്‍പ്പെടുത്തിയുള്ള വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ, ഈ വീഡിയോകൾ AI നിര്‍മിതമാണെന്നും ആധികാരികമല്ലെന്നും വ്യക്തമാക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു. അതിൻ്റെ സൃഷ്ടിയിലോ പ്രചാരണത്തിലോ എനിക്ക് പങ്കില്ല. അതിൻ്റെ ഉള്ളടക്കത്തെ ഞാൻ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. വീഡിയോകളിൽ ഉന്നയിക്കുന്ന ഏതെങ്കിലും അവകാശവാദങ്ങൾ എൻ്റെ പേരിൽ ആരോപിക്കരുത്. കാരണം അത് എൻ്റെ കാഴ്ചപ്പാടുകളെയോ പ്രവർത്തനങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ല. വീഡിയോകൾ പങ്കുവെക്കുന്നതിനു മുമ്പ് വിവരങ്ങൾ പരിശോധിക്കാനും, തെറ്റിദ്ധരിപ്പിക്കുന്ന AI ഉള്ളടക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാനും ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു' -വിദ്യ കുറിച്ചു.

വിദ്യയുടെ പ്രതികരണം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.'AI ഉപയോഗിച്ചുള്ള തട്ടിപ്പുകൾ നമ്മുടെ ജീവിതത്തെ ആക്രമിക്കുന്നത് ഭയാനകമായാണ്, മുന്നറിയിപ്പിന് നന്ദി' എന്നൊരാള്‍ മറുപടി നല്‍കുന്നു. 'ബോധവത്കരിച്ചതിന് നന്ദി, വിദ്യാ മാഡം! നിങ്ങളുടെ വാക്കുകള്‍ മാറ്റം കൊണ്ടുവരുന്നു' എന്നിങ്ങനെയും പ്രതികരണങ്ങളുണ്ട്.

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ സെലിബ്രിറ്റികള്‍ ഡീപ്ഫേക്ക് വീഡിയോകള്‍ക്ക് ഇരയാകുന്നത് ആദ്യമല്ല. നേരത്ത, രശ്മിക മന്ദാന, ദീപിക പദുക്കോൺ, ആലിയ ഭട്ട്, കത്രീന കൈഫ് , രൺവീർ സിങ്, ആമിർ ഖാൻ തുടങ്ങിയവര്‍ ഡീപ്ഫേക്ക് വീഡിയോകൾക്ക് ഇരയായിട്ടുണ്ട്. AI നിര്‍മിത ചിത്രങ്ങളും ഇത്തരത്തില്‍ വൈറലായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഉള്ളതാണോ അല്ലയോ എന്നൊന്നും വേഗത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത ഇത്തരം ദൃശ്യങ്ങളുടെയും ചിത്രങ്ങളുടെയും ചുവടുപിടിച്ച് ചര്‍ച്ചകളും ആക്ഷേപങ്ങളുമൊക്കെ ഉണ്ടാകാറുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com