
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് വിവാദ പ്രതികരണം നടത്തിയതിൽ ക്ഷമ ചോദിച്ച് നടന്‍ വിനയ് ഫോര്‍ട്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന്, റിപ്പോർട്ടിനെ കുറിച്ച് തനിക്കൊന്നും അറിയില്ല, അറിയാത്ത വിഷയത്തെ കുറിച്ച് താനൊന്നും പറയില്ല, വേറെയെന്തൊക്കെ പരിപാടികളുണ്ട്, സമയം കിട്ടണ്ടേ, മലയാള സിനിമ അടിപൊളിയാണ് എന്നൊക്കെയായിരുന്നു വിനയ് ഫോർട്ടിന്‍റെ ഉത്തരം.
എന്നാൽ സംഭവത്തിൽ വിനയ് ഫോർട്ടിനെതിരെ വലിയ തരത്തിലുള്ള വിമർശനമാണ് ഉയർന്നത്. ഇത് പറയുന്ന സമയത്തെ വിനയ് ഫോർട്ടിന്‍റെ ശരീരഭാഷയും ഏറെ വിമർശിക്കപ്പെട്ടു. ഇതിന് പിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് വിനയ് ഫോർട്ട് തന്നെ രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിനയ് ഫോര്‍ട്ട് ക്ഷമാപണം നടത്തിക്കൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
'കഴിഞ്ഞദിവസം ഫൂട്ടേജ് എന്ന സിനിമയുടെ പ്രിവ്യു കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇറങ്ങിയത്. സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ ഞാനെപ്പോഴും തമാശ പറയുന്ന വളരെ അടുത്ത കുറച്ച് ഓൺലൈൻ സുഹൃത്തുക്കളെ കാണുകയുണ്ടായി. അവർ വന്നപ്പോൾ സിനിമയുടെ റിവ്യു ചോദിക്കാനാണെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ അവരെന്നോട് ചോദിച്ചത് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചാണ്. വളരെ ഗൗരവമേറിയ, വളരെ ദീർഘമായൊരു റിപ്പോർട്ടാണത്. അതിനെക്കുറിച്ച് പ്രതികരിക്കണമെങ്കിൽ നമ്മളതിനെക്കുറിച്ച് മനസിലാക്കണം. പഠിക്കണം. അല്ലാതെ നമ്മൾ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നത് വിഢ്ഡിത്തമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോൾ ഞാൻ അവരോട് പറഞ്ഞതിന്റെ ഒരു ഭാഗമാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ ഞാനത് വീണ്ടും കണ്ടുകഴിഞ്ഞപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള അത്ര ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ട ഒരു രീതിയിലല്ലായിരുന്നു എന്റെ ശരീരഭാഷ എന്നെനിക്കും തോന്നി. അത് കുറച്ച് സുഹൃത്തുക്കളെ വേദനിപ്പിച്ചതായി ഞാനറിയുകയും ചെയ്തു. എന്റെ പ്രതികരണം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു'. - വിനയ് ഫോര്‍ട്ട് പറഞ്ഞു.