തിരുപ്പതി ലഡു വിവാദം: നടൻ പ്രകാശ് രാജും പവൻ കല്യാണും തമ്മിൽ വാക്‌പോര്

തിരുപ്പതി ലഡു വിവാദം: നടൻ പ്രകാശ് രാജും പവൻ കല്യാണും തമ്മിൽ വാക്‌പോര്

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ പവൻ കല്യാൺ പങ്കുവെച്ച ട്വീറ്റിന് പ്രകാശ് രാജ് മറുപടിയുമായി എത്തിയതോടെയാണ് ഇരുവരും തമ്മില്‍ വാക്പോര് തുടങ്ങുന്നത്.
Published on

തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദത്തിൽ നടൻ പ്രകാശ് രാജും ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണും തമ്മിൽ വാക്‌പോര്. തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ പവൻ കല്യാൺ പങ്കുവെച്ച ട്വീറ്റിന് പ്രകാശ് രാജ് മറുപടിയുമായി എത്തിയതോടെയാണ് ഇരുവരും തമ്മില്‍ വാക്പോര് തുടങ്ങുന്നത്.

ഇന്ത്യയില്‍ സനാതനധര്‍മ്മത്തെ രക്ഷിക്കാന്‍ പ്രത്യേകം രക്ഷാബോര്‍‍ഡുകള്‍ രൂപീകരിക്കേണ്ട സമയമായെന്ന് പവൻ കല്യാൺ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനാണ് പ്രകാശ് രാജ് മറുപടിയുമായി എത്തിയത്. ഇതിൽ അന്വേഷണമാണ് വേണ്ടതെന്നും ദേശീയതലത്തിൽ വിഷയം ആളിക്കത്തിക്കാൻ എന്തിനാണ് പവൻ കല്യാൺ ശ്രമിക്കുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു.


അതേസമയം, പ്രകാശ് രാജിനുള്ള മറുപടി പവൻ കല്യാൺ നൽകിയത് മാധ്യമങ്ങളിലൂടെയാണ്. സനാതന ധർമ്മത്തിനെതിരായ ആക്രമണങ്ങൾക്കെതിരെ താൻ ശബ്ദമുയർത്തേണ്ടതല്ലേ എന്ന് പവൻ കല്യാൺ ചോദിച്ചു. താൻ ഹിന്ദുമതത്തിൻ്റെ പവിത്രതയെയും ഭക്ഷണത്തിൽ മായം ചേർക്കുന്നത് പോലുള്ള പ്രശ്‌നങ്ങളെയുമാണ് അഭിസംബോധന ചെയ്യുന്നതെന്നും പവൻ കല്യാൺ പറഞ്ഞു.

സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഒന്നുകിൽ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്നും പവൻ കല്യാൺ പറഞ്ഞു.


ഇതിന് മറുപടിയുമായി വീണ്ടും പ്രകാശ് രാജ് എത്തി. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. പവൻ കല്യാണിൻ്റെ വാർത്താ സമ്മേളനം കണ്ടുവെന്നും താൻ പറഞ്ഞതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. താൻ വിദേശത്ത് ഷൂട്ടിങ്ങിലാണ്. പവൻ കല്യാണിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തുമെന്നും പ്രകാശ് രാജ് പറഞ്ഞു. താൻ പങ്കുവെച്ച ട്വീറ്റ് പരിശോധിച്ച് മനസ്സിലാക്കണമെന്നും നടൻ കൂട്ടിച്ചേർത്തു.

മുൻ വൈഎസ്ആർസിപി ഭരണകാലത്ത് തിരുപ്പതി ലഡു തയാറാക്കാൻ ഉപയോഗിച്ചിരുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഈ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.

News Malayalam 24x7
newsmalayalam.com