
ഒരുപാട് ആരാധകരുള്ള ബോളിവുഡ് താരമാണ് ആലിയ ഭട്ട്. നിരവധി ഹിറ്റ് ചിത്രങ്ങളും ഇവർ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സിനിമയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രൊമോഷൻ പരിപാടികൾ ഒരിക്കലും ഒരു മോശം സിനിമയെ സംരക്ഷിക്കാൻ സാധിക്കില്ലെന്ന് പറയുകയാണ് നടി ആലിയ ഭട്ട്. തന്റെ പുതിയ ചിത്രം ജിഗ്രയുടെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്തപ്പോഴാണ് താരം ഇത്തരത്തിലൊരു പരാമർശം നടത്തിയത്.
"നിങ്ങൾക്കൊരിക്കലും ഒരു മോശം ചിത്രം പിആർ ചെയ്ത് സംരക്ഷിക്കാൻ കഴിയില്ല. എന്നാൽ ഒരു ചിത്രം വിജയിച്ചാൽ അതൊരിക്കലും പിആർ കാരണമാണെന്ന് പറയാനും സാധിക്കില്ല ", ആലിയ ഭട്ട് പറഞ്ഞു.
ലൈംലൈറ്റിൽ നിന്നുകൊണ്ട് കള്ളം പറയുന്നതിനെതിരെയും നടി സംസാരിച്ചു. മീഡിയ ഇന്‍ഡസ്ട്രിയില്‍ പ്രവർത്തിക്കുമ്പോൾ തന്റെ ജീവിതത്തെ കുറിച്ചോ പ്രവർത്തികളെ കുറിച്ചോ പറയുന്നത് തെറ്റല്ലെന്നും, എന്നാൽ കള്ളം പറയുന്നത് വളരെ മോശമായ കാര്യമാണെന്നും ആലിയ ഭട്ട് കൂട്ടിച്ചേർത്തു. ഒരു നുണ നൂറ് തവണ പറഞ്ഞാലും സത്യമാകില്ലെന്നും നടി പറഞ്ഞു.
അതേസമയം, ആലിയ ഭട്ട് തന്റെ പുതിയ ചിത്രം ജിഗ്രയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ്. ചിത്രം ഒക്ടോബർ 11 നാണ് റിലീസ് ചെയ്യുന്നത്. ആലിയ ഭട്ടിനോടൊപ്പം വേദാംഗ് റെയ്നയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ആലിയ ഭട്ട് വേദാംഗ് റെയ്നയുടെ സഹോദരിയായാണ് വേഷമിടുന്നത്. ചെയ്യാത്ത കുറ്റത്തിന് സഹോദരൻ പ്രതിയാകുമ്പോൾ, അവനു വേണ്ടി നീതിക്കായി പോരാടുന്ന സഹോദരിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇരുവരുടെയും വൈകാരികമായ മുഹൂർത്തങ്ങളും ട്രെയിലറിൽ കാണാം. ചിത്രം ഒരു ആക്ഷൻ ത്രില്ലർ കൂടിയാകുമെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
ധർമ പ്രൊഡക്ഷന്സിന്റെയും ഇറ്റേർണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, അപൂർവ മെഹ്ത, ആലിയ ഭട്ട്, ഷഹീൻ ഭട്ട്, സൗമ്യ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.