
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് ദാരുണാന്ത്യം.19 പേർക്ക് പരിക്ക്. ഛത്തീസ്ഗഡിൽ നിന്നുള്ള കുംഭമേള തീർത്ഥാടകരാണ് മരിച്ചത്. മഹാകുംഭമേള തീർഥാടകരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. മിർസപൂർ-പ്രയാഗ് രാജ് ദേശീയപാതയിലാണ് അപകടം നടന്നത്.
കുംഭമേളയിൽ പങ്കെടുക്കാൻ ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽ നിന്ന് വരുന്ന കാർ, മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ നിന്ന് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി. ഈ ആഴ്ചയിൽ തന്നെ മറ്റൊരു ആപകടവും റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ നിന്നും മഹാകുംഭമേളയിൽ പങ്കെടുത്തവരുടെ മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് ആന്ധ്രാപ്രദേശ് തീർഥാടകർ മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.