
അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിൽ ഇന്നിങ്സിലെ പത്ത് വിക്കറ്റും നേടി ചരിത്രം സൃഷ്ടിച്ച് ബിഹാർ പേസർ സുമൻ കുമാർ. രാജസ്ഥാനെതിരായ മത്സരത്തിലായിരുന്നു ചരിത്ര നേട്ടം. മത്സരത്തിൽ ഹാട്രിക്ക് നേട്ടവും താരം നേടി.
36ാം ഓവറിലായിരുന്നു സുമൻ കുമാർ തൻ്റെ മാസ്റ്റർ ക്ലാസ് പുറത്തെടുത്തത്. മോഹിത് ഭഗ്താനി, അനസ്, സച്ചിൻ ശർമ എന്നിവരെ പുറത്താക്കിയായിരുന്നു നേട്ടം. ഇതോടെ സീസണിൽ താരത്തിൻ്റെ വിക്കറ്റ് നേട്ടം 22 ആയി ഉയർന്നു.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ഏഴാം തവണയാണ് ഒരു ഇന്നിങ്സിൽ ഒരു താരം പത്ത് വിക്കറ്റുകളും വീഴ്ത്തുന്നത്. നേരത്തെ ഈ വർഷത്തിൽ രഞ്ജി ട്രോഫിയിൽ ഹരിയാന പേസർ അൻഷുൽ കംബോജ് ഈ നേട്ടം കൈവരിച്ചിരുന്നു. കേരളത്തിനെതിരെ ആയിരുന്നു ഈ നേട്ടം.
അതേസമയം, ദിപേഷ് ഗുപ്തയുടെയും പൃഥ്വിരാജിന്റെയും സെഞ്ചുറികളുടെ കരുത്തിൽ ആദ്യ ഇന്നിങ്സിൽ ബിഹാർ 467 റൺസ് വാരി. മറുപടിയായി സുമൻ കുമാറിന്റെ ഒറ്റയാൾ പ്രകടനത്തിൽ രാജസ്ഥാൻ 182 റൺസിന് പുറത്താവുകയും ചെയ്തു.
നേരത്തെ രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരായ ഗ്രൂപ്പ് സിയിലെ മത്സരത്തിന്റെ മൂന്നാം ദിനമായിരുന്നു കംബോജിന്റെ അപൂര്‍വ നേട്ടം. രണ്ടാം ദിനം എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ കംബോജ് മൂന്നാം ദിനം രണ്ട് വിക്കറ്റുകൾ കൂടി പിഴുതു. 30.1 ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്താണ് കംബോജ് പത്ത് വിക്കറ്റ് പിഴുതത്. 9 ഓവർ മെയ്ഡനായിരുന്നു.
വിജയ് ഹസാരേ ട്രോഫിയില്‍ ഹരിയാനയെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് കംബോജ് വഹിച്ചത്. പത്ത് കളിയില്‍ നിന്ന് 17 വിക്കറ്റെടുത്ത കംബോജ് വിക്കറ്റ് വേട്ടയിലും മുന്നിലെത്തി. പ്രേമാന്‍ഷു ചാറ്റര്‍ജി, പ്രദീപ് സുന്ദരം, ദേബാഷിഷ് മൊഹന്തി, അനില്‍ കുംബ്ലെ, സുഭാഷ് ഗുപ്‌തെ, അൻഷുൽ കംബോജ് എന്നിവരാണ് മുമ്പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം, 1999 ഡല്‍ഹി ടെസ്റ്റില്‍ പാകിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ അവിസ്മരണീയമായ പത്ത് വിക്കറ്റ് പ്രകടനം.