
കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു. വട്ടോളി സ്വദേശി കെ.സി ഷരീഫിൻ്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എളേറ്റിൽ ജിഎംയുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഏതാനും ആഴ്ചകൾക്കു മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് കുട്ടിയെ വീടിനനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂർച്ഛിച്ചതിനു പിന്നാലെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിച്ചുവരുകയാണ്. കഴിഞ്ഞദിവസം 12,498 പേരാണ് പനിയെ തുടർന്ന് ചികിത്സ തേടിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ പനിബാധിതരുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.