
തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണത്തിനിടയിലും ഡിമാൻറ് കുറയാതെ തിരുപ്പതി ലഡു. രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയെങ്കിലും ആന്ധ്രപ്രദേശിലെ വെങ്കിടേശ്വര ക്ഷേത്രത്തിലെ സന്ദർശകരുടെ എണ്ണത്തിലോ പ്രസാദത്തിൻ്റെ വിൽപനയോ ഇതുവരെ കുറവുണ്ടായിട്ടില്ല.
നാല് ദിവസത്തിനിടെ 14 ലക്ഷത്തിലധികം തിരുപ്പതി ലഡി വിറ്റഴിച്ചതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു. സെപ്റ്റംബർ 19 ന് 3.59 ലക്ഷവും സെപ്റ്റംബർ 20 ന് 3.17 ലക്ഷവും സെപ്റ്റംബർ 21 ന് 3.67 ലക്ഷവും സെപ്റ്റംബർ 22 ന് 3.60 ലക്ഷം ലഡുവുമാണ് വിറ്റുപോയത്.
ദിവസവും മൂന്ന് ലക്ഷത്തോളം ലഡുവാണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർ വീട്ടുകാർക്കും ബന്ധുക്കൾക്കുമായി വലിയ അളവിലാണ് ഇത് വാങ്ങിക്കൊണ്ടു പോകുന്നത്. ബംഗാൾ ഗ്രാം, പശു നെയ്യ്, പഞ്ചസാര, കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവ ചേർത്താണ് ഇതിൻ്റെ നിർമാണം. 15,000 കിലോ പശുവിൻ നെയ്യാണ് ഒരു ദിവസം ഇതിനായി ആവശ്യം വരുന്നത്.
മുൻ വൈഎസ്ആർസിപി ഭരണകാലത്ത് തിരുപ്പതി ലഡു തയാറാക്കാൻ ഉപയോഗിച്ചിരുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം വൻ വിവാദത്തിന് വഴി തെളിച്ചിരുന്നു. അതേ സമയം മതപരമായ കാര്യങ്ങൾ ടിഡിപി രാഷ്ട്രീയവൽക്കരിക്കുകയാണെന്നായിരുന്നു ജഗൻ മോഹൻ റെഡ്ഢി പറഞ്ഞത്.