
യുഎസ് വിസ്‌കോൺസിനിലെ സ്കൂളിലെത്തി വെടിയുതിർത്ത് 15കാരിയായ വിദ്യാർഥി. ആക്രമണത്തിൽ സഹപാഠിയും അധ്യാപികയും കൊല്ലപ്പെട്ടു. വിസ്‌കോൺസിനിലെ അബൻഡന്റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിലാണ് തിങ്കളാഴ്ച രാവിലെ വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയ വിദ്യാർഥിയെയും മരിച്ച പ്രദേശത്ത് നിന്നും മരിച്ച നിലയിൽ കണ്ടെത്തി. ആക്രമണം നടത്തിയ ശേഷം വിദ്യാർഥി സ്വയം വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
15കാരിയായ നതാലി റുപ്‌നോയാണ് വെടിവെപ്പിന് പിന്നിൽ. തിങ്കളാഴ്ച രാവിലെ തോക്കുമായി സ്കൂളിലെത്തിയ നതാലി, ക്ലാസിലിരിക്കുമ്പോഴാണ് അധ്യാപികയ്ക്കും സഹപാഠികൾക്കും നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ആറ് പേർക്ക് പരുക്കേറ്റിറ്റുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് മേധാവിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് നിന്നും കൈത്തോക്ക് കണ്ടെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയതിൻ്റെ ഉദ്ദേശ്യമെന്തെന്നത് വ്യക്തമല്ലെന്നും വിദ്യാർഥിയുടെ കുടുംബമുൾപ്പെടെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് മേധാവി ഷോൺ ബാൺസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ആക്രമണത്തിന് സാക്ഷികളായ വിദ്യാർഥികളെ ചോദ്യം ചെയ്യില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണസമയത്ത് സ്‌കൂളിലുണ്ടായിരുന്ന എല്ലാവരും ഇരകളാണ്. അവരെ മാനസികമായി സമ്മർദത്തിലാക്കാൻ ഉദ്ദേശിക്കുന്നില്ല. ആക്രമണത്തിന് സാക്ഷികളായവർ സ്വമേധയാ മുന്നോട്ട് വന്നാൽ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
ഗൺ വയലൻസ് ആർക്കൈവിൻ്റെ (ജിവിഎ) കണക്കനുസരിച്ച്, അമേരിക്കയിൽ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കുറഞ്ഞത് 487 കൂട്ട വെടിവയ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട്. ആത്മഹത്യകൾ ഉൾപ്പെടാതെ ഈ വർഷം തോക്കുകൊണ്ടുള്ള അക്രമത്തിൽ 16,012 പേർ കൊല്ലപ്പെട്ടതായും ജിവിഎ റിപ്പോർട്ട് ചെയ്യുന്നു.