മരണത്തിന് കാരണം ബാക്ടീരിയ, വൈറസ് പോലുള്ളവയല്ല മറിച്ച് കാഡ്മിയം, അലൂമിനിയം എന്നിവയുടെ സാന്നിധ്യമാണെന്ന് ആരോഗ്യ-വൈദ്യ വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂ നിയമസഭയിൽ പറഞ്ഞു
ജമ്മുകശ്മീരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചവരുടെ ശരീരത്തിൽ നിന്നും വിഷാംശം കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. 17 പേരാണ് ഇതുവരെ രജൗരിയിൽ വിഷാംശം ഉള്ളിൽ ചെന്ന് മരിച്ചത്. ഗ്രാമീണരുടെ ശരീരത്തിലും പ്രദേശത്തെ ഭക്ഷണപദാഥങ്ങളിലും വിഷപദാർഥങ്ങളുടെ അംശം കണ്ടെത്തി.
മരണത്തിന് കാരണം ബാക്ടീരിയ, വൈറസ് പോലുള്ളവയല്ല മറിച്ച് കാഡ്മിയം, അലൂമിനിയം എന്നിവയുടെ സാന്നിധ്യമാണെന്ന് ആരോഗ്യ-വൈദ്യ വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂ നിയമസഭയിൽ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടർന്ന് നിയമസഭാംഗങ്ങൾ സർക്കാരിനോട് സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: നാഗ്‌പൂർ സംഘർഷം: പ്രധാന സൂത്രധാരനായ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ലഖ്‌നൗവിലെ സിഎസ്ഐആറിലെ ടോക്സിക്കോളജി ലബോറട്ടറിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മരിച്ചവരുടെ സാമ്പിളുകളിൽ വൈറസോ ബാക്ടീരിയയോ കണ്ടെത്തിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ(എൻസിഡിസി), പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുൾപ്പെടെ രാജ്യത്തെ മികച്ച ലബോറട്ടറികളിൽ സാമ്പിളുകൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നും തലച്ചോറിന് തകരാറുണ്ടാക്കുന്ന ന്യൂറോടോക്സിനുകളുടെ സാന്നിധ്യമാണ് അന്ന് കണ്ടെത്തിയത്.
5 ദിവസത്തിനുള്ളിൽ 17 പേരാണ് രജൗരിയിൽ രോഗം ബാധിച്ച് മരിച്ചത്. 2024 ഡിസംബർ 5ന്, രജൗരിയിലെ ബുദൽ ഗ്രാമവാസിയായ ഫസൽ, മകളുടെ കല്ല്യാണത്തിന് ഭക്ഷണം വിളമ്പിയ ശേഷം ആളുകളിൽ രോഗബാധ കാണപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. വയറുവേദന, ഛർദി, ക്ഷീണം എന്നിവ അനുഭവപ്പെട്ട ഫസൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചു.
ഇതിന് പിന്നാലെ സമാന ലക്ഷണങ്ങളുമായി ഫസലിൻ്റെ കുടുംബത്തിലുള്ളവർക്കും ബന്ധുക്കൾക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു ദുരൂഹമരണത്തെ തുടർന്ന് പൊലീസിന് പുറമേ ആരോഗ്യം, കൃഷി, രാസവളം, ജലവിഭവം എന്നീ വകുപ്പുകളിലെ വിദഗ്‌ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. രക്തം, പ്ലാസ്മ, ഭക്ഷണം, വെള്ളം എന്നിവയുടെ 12,500 ലധികം സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.