പിസ്സയും ശീതളപാനീയവും ഓർഡർ ചെയ്ത് കഴിച്ച ശേഷം തൂങ്ങിമരിച്ചു; ഡൽഹിയിൽ 18കാരിയുടെ മരണത്തിൽ ബന്ധുവായ യുവാവിനെതിരെ ആരോപണവുമായി കുടുംബം

മകളുടെ മരണത്തിന് കാരണം റിങ്കുവാണെന്നും ഇയാൾക്കെതിരെ കേസെടുക്കണമെന്നുമാണ് പ്രീതിയുടെ കുടുംബത്തിൻ്റെ ആവശ്യം.
പിസ്സയും ശീതളപാനീയവും ഓർഡർ ചെയ്ത് കഴിച്ച ശേഷം തൂങ്ങിമരിച്ചു; ഡൽഹിയിൽ 18കാരിയുടെ മരണത്തിൽ ബന്ധുവായ യുവാവിനെതിരെ ആരോപണവുമായി കുടുംബം
Published on

ഡൽഹിയിൽ പതിനെട്ടുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ ആരോപണവുമായി കുടുംബം. യുവാവുമായുള്ള പ്രണയം തകർന്നത് മകളെ മാനസികമായി തളർത്തിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. മാർച്ച് 23നാണ് പ്രീതി കുശ്വാഹ എന്ന യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


കുശ്വാഹ കുടുംബത്തിന് അതൊരു പതിവ് ഞായറാഴ്ചയായിരുന്നു. ഇളയ മകൾ പതിനെട്ടുകാരി പ്രീതിയെ വീട്ടിലാക്കി മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയി. വൈകുന്നേരം അമ്മയ്ക്ക് പ്രീതിയുടെ കോൾ വന്നു. ചപ്പാത്തിയുണ്ടാക്കി വെച്ചിട്ടുണ്ടെന്നും തിരിച്ചെത്തിയാലുടൻ കഴിക്കണമെന്നും അവൾ അമ്മയോട് പറഞ്ഞു. എന്നാൽ വീട്ടിലെത്തിയ അമ്മ കാണുന്നത് മുറിയ്ക്കുള്ളിലെ ഫാനിൽ തൂങ്ങിയാടുന്ന പ്രീതിയുടെ മൃതദേഹമാണ്.

പ്രീതിയുടെ മരണത്തിൻ്റെ കാരണമെന്തെന്ന് അവർ അന്വേഷിച്ചു. മരിക്കുന്നതിന് മുമ്പ് അവൾ പിസ്സയും ശീതളപാനീയവും ഓർഡർ ചെയ്ത് കഴിച്ചിട്ടുണ്ട്. അവളുടെ ഫോൺ പരിശോധിച്ചു. അമ്മയെ വിളിച്ച ശേഷം പ്രീതി മറ്റൊരാളെ കൂടി വിളിച്ചിരിക്കുന്നു. റിങ്കു ജി എന്നാണ് പേര് സേവ് ചെയ്തിരിക്കുന്നത്. ഇവരുടെ അകന്ന ബന്ധത്തിൽപ്പെട്ട യുവാവാണ്.


പ്രീതിയുടെ സുഹൃത്തുക്കൾ ചില ചാറ്റുകളും ഫോട്ടോകളും വീട്ടുകാർക്ക് കൈമാറി. അതിലൊന്ന് റിങ്കു എന്ന യുവാവ് പ്രീതിയെ സിന്ദൂരമണിയിക്കുന്ന ചിത്രമാണ്. സുഹൃത്തുക്കൾ കൈമാറിയ ചാറ്റുകളില്ലെല്ലാം അയാളെ അവൾ അഭിസംബോധന ചെയ്തിരിക്കുന്നത് ഭർത്താവെന്നും. ഇരുവരുടെയും വിവാഹം രഹസ്യമായി കഴിഞ്ഞെന്ന് സുഹൃത്തുക്കൾ പറഞ്ഞു.



രണ്ട് വർഷം മുമ്പ് ജൻമനാട്ടിൽ നടന്ന ചടങ്ങിനിടെയാണ് പ്രീതി റിങ്കുവിനെ പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയമായി. എന്നാൽ അധികം വൈകാതെ പ്രണയം തകർന്നു. യുവാവ് പ്രീതിയുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെ കടുത്ത വിഷാദത്തിലായി പ്രീതി. ഇക്കാര്യം അവൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മകളുടെ മരണത്തിന് കാരണം റിങ്കുവാണെന്നും ഇയാൾക്കെതിരെ കേസെടുക്കണമെന്നുമാണ് പ്രീതിയുടെ കുടുംബത്തിൻ്റെ ആവശ്യം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com