
തൃശൂർ ചിൽഡ്രൻസ് ഹോമിൽ അതിക്രൂര കൊലപാതകം. അന്തേവാസിയായ 17 വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി 15കാരൻ. ഇരിങ്ങാലക്കുട സ്വദേശിയായ അങ്കിത് ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ 6.15ഓടെയാണ് രാമവർമപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ ക്രൂരകൊലപാതകം നടന്നത്. മെയിൻ്റനൻസ് നടക്കുന്ന കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായി സൂക്ഷിച്ച ചുറ്റികയും ഉളിയും ഉപയോഗിച്ച് അങ്കിതിന്റെ തലയ്ക്കടിച്ചാണ് 15കാരൻ കൊലപ്പെടുത്തിയത്.
വിവരമറിഞ്ഞ ചിൽഡ്രൻസ് ഹോം അധികൃതർ അങ്കിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഉടനടി ആശുപത്രിയിലെത്തിക്കാൻ ചിൽഡ്രൻസ് ഹോമിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്. അങ്കിതിൻ്റെ മൃതദേഹം നിലവിൽ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ ഇരുവരും തമ്മിൽ വാക്‌തർക്കമുണ്ടാവുകയും മരിച്ച അങ്കിത്, സഹവാസിയെ മർദിക്കുകയും ചെയ്തിരുന്നു. ചിൽഡ്രൻസ് ഹോം അധികൃതർ എത്തിയാണ് ഇരുവരെയും മാറ്റി നിർത്തിയത്. മർദനമേറ്റ കുട്ടി പക മൂലം അങ്കിതിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം.
കുറ്റകൃത്യം നടത്തിയ ശേഷം കുട്ടി തന്നെ താനാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് വിയ്യൂർ പൊലീസെത്തി കുട്ടിയെ അറസ്റ്റ് ചെയ്തു. വിയ്യൂർ സ്റ്റേഷനിൽ ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കുകയാണ്.