
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ രോഗികൾക്കുള്ള മരുന്ന് വിതരണം അവതാളത്തിൽ. ആൽബുമിൻ അടക്കമുള്ള അഞ്ച് മരുന്നുകളുടെ വിതരണം നിലച്ചിട്ട് രണ്ട് മാസമായി. കോടികൾ കുടിശ്ശിക വന്നതോടെയാണ് വിതരണക്കാർ മരുന്ന് നൽകുന്നത് പൂർണമായും നിർത്താനൊരുങ്ങുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ കെഎംഎസ്‍സിഎൽ ആൽബുമിൻ്റെ വിതരണം നിർത്തിയിട്ട് രണ്ട് മാസമായെന്ന് അധികൃതർ പറയുന്നു. ടെർഷ്യറി കാൻസർ സെൻ്ററിൽ 5000 മുതൽ 7000 രൂപ വരെ വിലയുള്ള ആൽബുമിൻ അടക്കമുള്ള അഞ്ച് മരുന്നുകളുടെ വിതരണമാണ് നിലച്ചത്. മെഡിക്കൽ കോളേജ് കാരുണ്യ ഫാർമസിയിൽ ഒരു ഡോസിന് 4500 രൂപയ്ക്ക് മരുന്ന് ലഭ്യമായിരുന്നു. കീമോ, റേഡിയേഷൻ എന്നിവ കഴിഞ്ഞ് ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളാകുന്ന രോഗികൾക്ക് അത്യാവശ്യമുള്ള മരുന്നാണിത്. മരുന്ന് ലോക്കൽ പർച്ചേസ് ചെയ്ത് ആശുപത്രിയിൽ വിതരണം ചെയ്യാത്തതിനാൽ തന്നെ രോഗികൾ മരുന്ന് പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
ഫെബ്രുവരി മുതൽ മരുന്നുകൾ വിതരണം ചെയ്ത വകയിൽ 40 കോടിയിലേറെ രൂപ ലഭിക്കാനുണ്ടെന്ന് മരുന്നിൻ്റെ മൊത്ത വിതരണക്കാർ പറയുന്നു. 60 ലക്ഷം രൂപ കുടിശ്ശിക ഇനത്തിലും ലഭിക്കാനുണ്ടെന്ന് ചെറുകിട വിതരണക്കാരും അറിയിച്ചു. കുടിശ്ശിക താങ്ങാവുന്നതിലും കൂടുതലായതിനാൽ പലരും വിതരണം നിർത്താൻ ഒരുങ്ങുകയാണ്. അതേസമയം, മരുന്ന് വിതരണക്കാർക്കുള്ള എല്ലാ മാസത്തെയും ചെക്ക് റെഡിയാക്കി സർക്കാരിൻ്റെ അനുവാദം കാത്തിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാരുണ്യ പദ്ധതിയിൽ നിന്ന് ലഭിക്കാനുള്ള പണം സർക്കാരിൽ നിന്ന്
ലഭിക്കാത്തതിനാലാണ് കുടിശ്ശിക കൊടുത്ത് തീർക്കാൻ സാധിക്കാത്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.