അമേരിക്കയെ വീണ്ടും ഗ്രേറ്റാക്കാൻ ട്രംപ്; എന്താണ് യുഎസ് തെരഞ്ഞെടുപ്പിൽ നിരന്തരം ചർച്ചയായ പ്രൊജക്ട് 2025?

അമേരിക്കയിലെ ഇടതുപക്ഷ ചിന്താഗതി തുടച്ചുനീക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന യാഥാസ്ഥിതികരെ സന്തുഷ്ടരാക്കാൻ, ഹെറിറ്റേജ് ഫൗണ്ടേഷൻ 2022ൽ രൂപം നൽകിയ പദ്ധതിയാണ് പ്രൊജക്ട് 2025
അമേരിക്കയെ വീണ്ടും ഗ്രേറ്റാക്കാൻ ട്രംപ്; എന്താണ് യുഎസ് തെരഞ്ഞെടുപ്പിൽ നിരന്തരം ചർച്ചയായ പ്രൊജക്ട് 2025?
Published on



പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുതൽ അമേരിക്കയിൽ ചർച്ചയായ ഒന്നായിരുന്നു പ്രൊജക്ട് 2025. തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡൻ്റ് അമേരിക്കയെ എങ്ങനെ ഭരിക്കണമെന്ന നിർദേശങ്ങളായിരുന്നു പ്രൊജക്ട് 2025 പ്രസിദ്ധീകരിച്ച 900 പേജുകളുള്ള പുസ്തകത്തിലുണ്ടായിരുന്നത്. അമേരിക്കയുടെ 67ാം പ്രസിഡൻ്റായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ, പ്രൊജക്ട് 2025 നടപ്പിലാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

വലതുപക്ഷ തിങ്ക് ടാങ്കായ ഹെറിറ്റേജ് ഫൗണ്ടേഷനാണ് പ്രൊജക്ട് 2025ന് പിന്നിൽ. ഒരു യാഥാസ്ഥിതിക ഭരണത്തിന് മാത്രമേ തീവ്ര ഇടതുപക്ഷ ചിന്താഗതി പിടിമുറുക്കിയ അമേരിക്കയെ ഇനി രക്ഷിക്കാൻ കഴിയൂ എന്നായിരുന്നു ഹെറിട്ടേജ് ഫൗണ്ടേഷൻ്റെ പക്ഷം. പ്രശസ്ത അമേരിക്കൻ ഇൻവെസ്റ്റിഗേഷൻ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പിരിച്ചുവിടുക, നിയമനിർമാണ ഡിപാർട്മെൻ്റായ ഡിപാർട്മെൻ്റ് ഓഫ് ജസ്റ്റിസിലേക്കുള്ള ധനസഹായം വെട്ടികുറക്കുക, പാരിസ്ഥിതിക നിയന്ത്രണങ്ങൾ ലംഘിച്ച് അനിയന്ത്രിത ഫോസിൽ ഇന്ധന ഉത്പാദനം നടത്തുക... പ്രൊജക്ട് 2025 അഥവാ പ്രസിഡൻഷ്യൽ പരിവർത്തന പദ്ധതിയിലെ ചില നിർദേശങ്ങളാണിവ. എന്താണ് പ്രൊജക്ട് 2025? എന്താണ് തീവ്ര വലതുപക്ഷ അനുകൂലികൾ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്? 


പ്രൊജക്ട് 2025 വിശദമായി

അമേരിക്ക വീണ്ടും 'ദി ഗ്രേറ്റ് അമേരിക്ക' ആവണമെമെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിലെത്തണമെന്നായിരുന്നു ട്രംപ് നിരന്തരം പ്രസംഗിച്ചിരുന്നത്. കുടിയേറ്റവും വിദേശസ്വാധീനവും പാടെ ഒഴിവാക്കുക, ലിംഗനീതിയും ക്വീർ-ട്രാൻസ്ജെൻഡർ അവകാശങ്ങളും ഇല്ലാതാക്കുക, ഫെഡറൽ ഭരണം അവസാനിപ്പിക്കുക ഇതെല്ലാമാണ് ഗ്രേറ്റ് അമേരിക്കയെന്ന ആശയത്തിന് ട്രംപുൾപ്പെടെയുള്ള മാഗാ ( Make America Great Again) അനുകൂലികൾ നൽകുന്ന വ്യാഖ്യാനം. ട്രംപിൻ്റെ ഭരണവും, അമേരിക്കൻ ഇടതുപക്ഷ ചിന്താഗതിയുടെ തുടച്ചുനീക്കലും ആഗ്രഹിക്കുന്ന ലക്ഷകണക്കിന് യാഥാസ്ഥിതികർ അമേരിക്കയിലുണ്ടെന്നതിൻ്റെ വ്യക്തമായ അടയാളപ്പെടുത്തലായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. ഈ യാഥാസ്ഥിതികരെ സന്തുഷ്ടരാക്കാൻ ഹെറിറ്റേജ് ഫൗണ്ടേഷൻ 2022ൽ രൂപം നൽകിയ ഒന്നാണ് പ്രൊജക്ട് 2025.

2024 ലെ പൊതുതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡൻ്റ് ഭരണത്തിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് പഠനം നടത്താനായുള്ള ഒരു പദ്ധതി- ഇങ്ങനെയായിരുന്നു തുടക്കത്തിൽ പ്രൊജക്ട് 2025 അറിയപ്പെട്ടിരുന്നത്. ഭരണം എങ്ങിനെയായിരിക്കണമെന്നതിൽ പഠനങ്ങൾ നടത്തുന്നതും നിയമാവലി പുറത്തിറക്കുന്നതും അമേരിക്കയിൽ പുതിയ കാര്യമല്ല. പക്ഷേ ആഗോളതലത്തിലുള്ള സാമ്പത്തിക, പ്രതിരോധ, പാരിസ്ഥിതിക നയങ്ങളിൽ വമ്പൻ പൊളിച്ചുപണികൾ ആവശ്യപ്പെടുന്ന പദ്ധതി ഒരു വലതുപക്ഷ അജണ്ടയുടെ ഭാഗമാണെന്നതിൽ സംശയമില്ല. ഇടതുപക്ഷ ചിന്താഗതി ദേശീയ വിരുദ്ധമാണെന്നും ഇത് അമേരിക്കയിലും ആഗോളതലത്തിലും പാടെ തുടച്ചുനീക്കാനാണ് ലക്ഷ്യമെന്നുമായിരുന്നു ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിഡൻ്റ് കെവിൻ ഡി. റോബർട്സ് പറഞ്ഞത്.

പ്രൊജക്ട് 2025 ൻ്റെ ഭാഗമായി, നേതൃത്വത്തിനുള്ള കൽപനകൾ- ഒരു യഥാസ്തിഥിക വാഗ്ദാനം ( Mandate for Leadership: The Conservative Promise) എന്ന പേരിൽ 900 പേജുകളുള്ള ഒരു പോളിസി അജണ്ട ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ചു. പ്രസിഡൻഷ്യൽ ഭരണത്തിനായുള്ള ഈ ഗൈഡ് ബുക്കിൻ്റെ ഉപഞ്ജാതാക്കളിൽ പലരും ട്രംപ് അനുകൂലികളാണെന്നതാണ് മറ്റൊരു വസ്തുത. 'പോളിസികളുടെ ബൈബിൾ' എന്നാണ് ഈ അജണ്ടയെ ഹെറിറ്റേജ് ഫൗണ്ടേഷൻ തന്നെ വിശേഷിപ്പിച്ചത്. 1981ൽ പുറത്തിറക്കിയ മാൻഡേറ്റ് ഫോർ ലീഡർഷിപ്പിന് ലഭിച്ച വൻ സ്വീകാര്യതയാണ് പതിറ്റാണ്ടുകൾക്കിപ്പുറം ഇത്തരം പോളിസികൾ മുന്നോട്ട് വെക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നായിരുന്നു ഫൗണ്ടേഷൻ്റെ പക്ഷം. ഫൗണ്ടേഷൻ മുന്നോട്ടുവെച്ച 60% നിർദ്ദേശങ്ങളും അന്ന് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റൊണാൾഡ് റീഗൻ്റെ കീഴിലുള്ള സർക്കാർ ഗവൺമെൻ്റ് പോളിസിയായി സ്വീകരിച്ചെന്നും ഫൗണ്ടേഷൻ അവകാശപ്പെടുന്നുണ്ട്.

യാഥാസ്ഥിതികർക്ക് ഫെഡറൽ ഭരണത്തോട് പണ്ടേ ശത്രുതയാണ്. ഹെറിറ്റേജ് ഫൗണ്ടേഷൻ ആ ശത്രുത മുഴുവനായും മൻഡേറ്റിലൂടെ ശക്തമായി തന്നെ പ്രകടിപ്പിക്കുന്നുമുണ്ട്. 'യാഥാസ്ഥിതികർ യാഥാസ്ഥിതികർക്കായി അവതരിപ്പിക്കുന്ന പോളിസി' പ്രൊജക്ട് 2025ൻ്റെ ഔദ്യേഗിക വെബ്സൈറ്റിൽ മാൻഡേറ്റ് ഫോർ ലീഡർഷിപ്പിനെ കുറിച്ച് വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്. വെബ്സൈറ്റിൽ വിൽപ്പനക്കായി വെച്ച മാൻഡേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റഴിഞ്ഞെന്നതാണ് പ്രസക്തമായ കാര്യം.

പ്രൊജക്ട് 2025ൻ്റെ ലക്ഷ്യമെന്ത്?

ജനാധിപത്യത്തിൻ്റെ പുനർരൂപകൽപനയായിരുന്നു പ്രൊജക്ട് 2025 ൻ്റെ പരമോന്നത ലക്ഷ്യം. ഇതിനായി ഫൗണ്ടേഷൻ്റെ പോളിസി അജണ്ട, അജണ്ടയിലെ നയങ്ങൾ കൃത്യമായി നടപ്പിലാക്കാൻ ശക്തരായ ആളുകളുടെ ടീമടങ്ങിയ പേഴ്സണൽ ഡാറ്റാ ബേസ്, ഇവ‍ർക്കുള്ള പരിശീലനം, പ്രസിഡൻ്റിൻ്റെ ഭരണം തുടങ്ങി 180 ദിവസം സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെന്തെല്ലാമെന്ന് പരാമർശിക്കുന്ന പ്ലേബുക്ക് എന്നീ നാല് തൂണുകൾ (FOUR PILLERS) ആവശ്യമാണെന്നാണ് പ്രൊജക്ട് ശുപാർശ ചെയ്യുന്നു.

തീവ്ര വലതുപക്ഷ ആശയങ്ങളടങ്ങിയ ഈ പ്രൊജക്ട്, ട്രംപിന് വേണ്ടി നിർമിച്ചതാണെന്ന വാദം ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് ഉയർത്തിയിരുന്നു. എന്നാൽ പ്രൊജക്ട് 2025 മായി ബന്ധമില്ലെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൊജക്ട് 2025നെ നിരന്തരം തള്ളിപ്പറയുമ്പോഴും, ട്രംപും ഹെറിട്ടേജ് ഫൗണ്ടേഷന്‍ മേധാവിയും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു.

ആദ്യ ഭരണകാലത്ത് തന്നെ ട്രാൻസ്ജെൻഡർ ക്വീർ വിഭാഗങ്ങളോട് ട്രംപ് കടുത്ത വിരോധം പ്രകടിപ്പിച്ചിരുന്നു. ഈ ക്വീർ വിരുദ്ധ വികാരം പ്രൊജക്ട് 2025ലും പ്രതിഫലിക്കുന്നുണ്ട് . ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് ലഭിച്ച 'ടോക്സിക് നോർമലൈസേഷൻ' നിർത്തലാക്കാൻ ജോലിസ്ഥലങ്ങളിൽ ലിംഗവിവേചനം പാലിക്കപ്പെടണമെന്നാണ് പ്രൊജക്ട് 2025ലെ നിർദേശം. അമേരിക്കയിൽ കുടുംബ ബന്ധങ്ങൾ നശിക്കാൻ കാരണമായ 'വോക്കിസം' ( പുരോഗമന ചിന്താഗതി) രാജ്യത്ത് നിന്ന് പാടെ തുടച്ച് നീക്കണം, നിലവിലുള്ള വിദ്യാഭ്യാസ വകുപ്പിനെ മാറ്റണം, സിലബസ്സിൽ നിന്നും പ്രത്യേക വാക്കുകൾ ഒഴിവാക്കണം, കൂടാതെ അമേരിക്കക്കാർ സമരം ചെയ്ത് നേടിയെടുത്ത ഗർഭഛിദ്ര അവകാശങ്ങൾ ഒഴിവാക്കണം, ഗർഭഛിദ്രമെന്ന വാക്കേ ഒഴിവാക്കണം. മാൻഡേറ്റിലെ പേജുകൾ മറിക്കും തോറും ഒരു കാര്യം വ്യക്തമായിക്കൊണ്ടിരിക്കും; ഒരു പക്ഷേ റിപ്പബ്ലിക്കൻ പാർട്ടിയുടെ അല്ലെങ്കിൽ ട്രംപിൻ്റെ ഏകാധിപത്യഭരണത്തിലേക്കാണ് പ്രൊജക്ട് 2025 ലക്ഷ്യം വെയ്ക്കുന്നത്.


ട്രംപിൻ്റെ തീവ്ര വലതുപക്ഷ ആശയങ്ങളെ സാധൂകരിച്ചുകൊണ്ടുള്ള പ്രൊജക്ട് 2025 പ്രതീക്ഷിക്കുന്നതും ലക്ഷ്യം വെക്കുന്നതും ട്രംപിൻ്റെ ഭരണമാണെന്നത് പകൽ പോലെ വ്യക്തമായിരുന്നു. കൂടാതെ തൊള്ളായിരത്തിലധികം പേജുകളുള്ള ഈ മാൻഡേറ്റിൻ്റെ രൂപീകരണത്തിൽ ട്രംപിൻ്റെ ഓഫീസ് ഉദ്യോഗസ്ഥരാണെന്നതും ഭാഗമായിരുന്നു. ട്രംപ് അധികാരത്തിലെത്തി പ്രൊജക്ട് 2025 നടപ്പിലാക്കുകയാണെങ്കിൽ അമേരിക്കൻ ഫെഡറൽ ഭരണം പൂർണ്ണമായും നശിപ്പിക്കപ്പെട്ടേക്കാമെന്ന ഭയം രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നുണ്ട്. പ്രൊജക്ട് 2025 പ്രചാരത്തിൽ വരികയാണെങ്കിൽ ട്രംപിൻ്റെ ഏകാധിപത്യവും തീവ്ര വലതുപക്ഷ ആശയങ്ങളായിരിക്കും അമേരിക്കയെ നിയന്ത്രിക്കുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com