കുമരകം ബോട്ടപകടം നടന്നിട്ട് 22 വർഷങ്ങൾ; ഇന്നും പാലിക്കപ്പെടാത്ത സർക്കാർ വാഗ്‌ദാനങ്ങൾ

2002 ജൂലൈ 27ന് നടന്ന ബോട്ടപകടത്തിൽ 27 പേർക്കാണ് ജിവൻ നഷ്ടമായത്
കുമരകം ബോട്ടപകടം നടന്നിട്ട് 22 വർഷങ്ങൾ; ഇന്നും പാലിക്കപ്പെടാത്ത സർക്കാർ വാഗ്‌ദാനങ്ങൾ
Published on

വേമ്പനാട്ട് കായലിൽ 29 പേരുടെ ജീവൻ പൊലിഞ്ഞ കുമരകം ബോട്ടപകടം നടന്നിട്ട് ഇന്നേക്ക് 22 വർഷം. 2002 ജൂലൈ 27നാണ് മുഹമ്മയിൽ നിന്ന് പുറപ്പെട്ട ബോട്ട് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകുമെന്ന് പറഞ്ഞ നഷ്ടപരിഹാരവും ജോലിയുമെല്ലാം പാഴ്വാഗ്ദാനങ്ങൾ മാത്രമായി.

2002 ജൂലൈ 27ന് മുഹമ്മയിൽ നിന്ന് പുലർച്ചെ 5.45ന് കുമരകത്തേക്ക് പുറപ്പെട്ട A-53ആം നമ്പർ ബോട്ടിൽ 300ലധികം യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ കൂടുതലും പിഎസ്‌സി നടത്തുന്ന ലാസ്റ്റ് ഗ്രേഡ് തസ്തിക പരീക്ഷയ്ക്കുള്ള ഉദ്യോഗാർത്ഥികളായിരുന്നു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രായപരിധി അനുസരിച്ച് നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് തൊഴിലും അന്ന് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ 22 വർഷങ്ങൾക്കിപ്പുറവും ഈ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. അർഹതപ്പെട്ടവർ നവകേരള സദസ്സിൽ അടക്കം പരാതി നൽകി. ഇനി ഇവർ മുട്ടാത്ത വാതിലുകളില്ല.

നഷ്ടപരിഹാരം തേടി സർക്കാർ ഓഫീസുകളിൽ അലഞ്ഞവർ പലരും 22 വർഷം ആയതോടെ ശ്രമങ്ങൾ ഉപേക്ഷിച്ചു. എന്നാൽ അപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട ഷാജഹാൻ എന്നയാൾ ഇപ്പോഴും സർക്കാർ കനിവ് തേടി ഓഫീസുകൾ കയറി ഇറങ്ങുകയാണ്. ദുരന്തത്തിന്റെ ഓർമ്മയിൽ നീറി ജീവിക്കുന്ന ഇവരെ ഇനിയും അധികൃതർ കണ്ടില്ലെന്ന് നടിക്കരുത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com