
ബ്രിട്ടൻ, അമേരിക്ക, ജപ്പാൻ, ഫ്രാൻസ് ഉൾപ്പടെ 20 രാജ്യങ്ങളിലെ 286 കുട്ടികളെ ക്യാമറയ്ക്ക് മുന്നിൽ ലൈംഗിക കൃത്യത്തിന് നിർബന്ധിച്ച കുറ്റത്തിന് യുവാവിന് 17 വർഷം തടവ്. ഓസ്ട്രേലിയൻ കോടതിയാണ് ശിക്ഷ വിധിച്ചത്. അമേരിക്കൻ യുട്യൂബർ എന്ന് പെൺകുട്ടികളെ വിശ്വസിപ്പിച്ചാണ് 29കാരൻ കൃത്യം നടത്തിയത്.
15കാരനായ അമേരിക്കൻ ഇൻ്റർനെറ്റ് താരമെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പെൺകുട്ടികളെ സമീപിച്ചത്. തുടർന്ന് ഇവരുടെ ഫാൻ്റസികളെകുറിച്ച് ചോദിച്ചറിഞ്ഞ ശേഷം ഭീഷണിപ്പെടുത്താന്‍ ആരംഭിക്കുകയായിരുന്നു. മുഹമ്മദ് സെയ്ൻ അബീദീൻ റഷീദിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ ചുമത്തിയിരുന്ന 119 കുറ്റങ്ങളും തെളിഞ്ഞു.
യുഎസ്, യുകെ, ജപ്പാൻ, ഫ്രാൻസ് ഉൾപ്പടെയുള്ള 20 രാജ്യങ്ങളിലെ 16 വയസിൽ താഴെയുള്ള പെൺകുട്ടികളാണ് ഇരകളിൽ ഭൂരിഭാഗവും. രാജ്യചരിത്രത്തിൽ തന്നെ ഏറ്റവും ഹീനമായ ലൈംഗികാതിക്രമ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള ഓൺലൈൻ ചൂഷണം ഇരകളിൽ ജീവിതാവസാനം വരെ നിലനിൽക്കുന്ന ട്രോമ സൃഷ്ടിക്കുമെന്ന് കോടതി വിലയിരുത്തി.