
കാസർഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. ട്രെയിൻ പാളം മുറിച്ചു കടക്കുന്നതിനിടെ കോയമ്പത്തൂർ-ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിനിടിച്ചാണ് അപകടം. മരിച്ചത് കോട്ടയം ചിങ്ങവനം സ്വദേശികളാണ്. ചിന്നമ്മ (70), എയ്ഞ്ചൽ (30), ആലിസ് തോമസ് (62) എന്നിവർക്കാണ് അപകടത്തിൽ ദാരുണാന്ത്യം.
വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. കള്ളാറിൽ ബന്ധുവിൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നുകോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ , എയ്ഞ്ചൽ, ആലിസ് തോമസ് എന്നിവർ.കല്യാണത്തിന് ശേഷം സ്വന്തം നാടായ കോട്ടയത്തേക്ക് മടങ്ങാനായി റെയില്‍വേ സ്റ്റേഷനിലെ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പാളം മുറിച്ച് കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തു നിന്നും വരികയായിരുന്നകോയമ്പത്തൂർ-ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നാട്ടുകാരാണ് ആദ്യം രണ്ട് മൃതദേഹങ്ങൾ കണ്ടത്. പിന്നീട് നടത്തിയ തെരച്ചിലാണ് മൂന്നാമത്തെ മൃതദേഹം കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി, മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.