ഉത്തര്‍പ്രദേശിലെ സംഭലില്‍ ഷാഹി ജമാ മസ്ജിദ് സര്‍വേയ്‌ക്കെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ഞായറാഴ്ച രാവിലെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഷാഹി ജമാ മസ്ജിദില്‍ സര്‍വേയ്ക്ക് എത്തിയ പൊലീസും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. നാല് പേരുടെ മരണത്തിനു പിന്നാലെ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. സ്‌കൂളുകളും അടച്ചു. പ്രതിഷേധത്തിനെത്തിയ 25 ഓളം പേരെ അറസ്റ്റ് ചെയ്യുകയും 400 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
സര്‍വേയ്‌ക്കെത്തിയ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും വാഹനങ്ങള്‍ തീയിടുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മുഗള്‍ കാലത്ത് നിര്‍മിച്ച ഷാഹി ജമാ മസ്ജിദ് ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥലത്താണ് എന്ന അവകാശവാദമാണ് വിവാദങ്ങള്‍ക്ക് ആധാരം. ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് പള്ളി പണിതത് എന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സ്ഥലത്ത് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ, പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതിനു പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികളും എത്തി.
സംഘര്‍ഷത്തില്‍ ഇരുപത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. തലയ്ക്ക് പരിക്കേറ്റ പൊലീസ് കോണ്‍സ്റ്റബിളിന്റെ നില ഗുരതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തില്‍ പങ്കാളികളായവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Also Read: യുപിയിലെ ഷാഹി ജമാ മസ്ജിദ് സർവേയ്‌ക്കെതിരായ സംഘർഷം;മൂന്ന് പേർ കൊല്ലപ്പെട്ടു
നവംബര്‍ 30 വരെ അധികാരികളുടെ ഉത്തരവില്ലാതെ പുറത്തുനിന്നുള്ള ആരെയും സാമൂഹിക സംഘടനകളെയും ജനപ്രതിനിധികളെയും സംഭലില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സംഘര്‍ഷങ്ങളുടെ തുടക്കം
ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടെന്ന് അവകാശപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി എത്തിയത്. സര്‍വേ നടത്താന്‍ പ്രാദേശിക കോടതി ഉത്തരവിട്ടതോടെ ചൊവ്വാഴ്ച മുതല്‍ സംഭല്‍ സംഘര്‍ഷഭരിതമായിരുന്നു. ചൊവ്വാഴ്ചയോടെ സര്‍വേ പൂര്‍ത്തിയാക്കാനായില്ലെന്നും ഉച്ചയ്ക്ക് ശേഷം നടക്കുന്ന പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടാതിരിക്കാനാണ് ഞായറാഴ്ച രാവിലെ വീണ്ടും സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്.
പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നെന്നും മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 1529 ല്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നുമാണ് വാദം. വിഷ്ണു ശങ്കര്‍ ജെയ്‌നാണ് ഇതുസംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതിഷേധങ്ങള്‍ക്കിടയിലും നാല് പേര്‍ കൊല്ലപ്പെട്ടപ്പോഴും അധികൃതര്‍ സര്‍വേ പൂര്‍ത്തിയാക്കി. വാരണാസിയിലെ ജ്ഞാനവാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര തര്‍ക്കം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ വിഷ്ണു ശങ്കറും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് കോടതിയെ സമീപിച്ചത്.