ഇറാൻ തുറമുഖത്തെ സ്ഫോടനം: 4 പേർക്ക് ദാരുണാന്ത്യം, 500 ലേറെ പേർക്ക് പരിക്ക്

തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ഇറാൻ തുറമുഖത്തെ സ്ഫോടനം: 4 പേർക്ക് ദാരുണാന്ത്യം, 500 ലേറെ പേർക്ക് പരിക്ക്
Published on

ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രാജീ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട്. സ്ഫോടനത്തിൽ 500 ലേറെ പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇറാനിലെ സുപ്രധാനമായയൊരു അത്യാധുനിക കണ്ടെയ്നർ പോർട്ടാണിത്. ടെഹ്റാനിൽ നിന്നും 100കിലോ മീറ്റർ അകലെയാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്.

തുറമുഖത്തുണ്ടായിരുന്ന കണ്ടെയ്‌നർ യാർഡിലാണ് പൊട്ടിത്തെറി ഉണ്ടായത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചില കണ്ടെയ്നർ പൊട്ടിത്തെറിച്ചതിൻ്റെ ഭാഗമായി തീയും പുകയും ഉയരുകയായിരുന്നു. സ്ഫോടനം നടക്കുന്ന സമയത്ത് ധാരാളം തൊഴിലാളികൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്കിയാൻ അനുശോചനം അറിയിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി)നാവിക താവളത്തിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്)അറിയിച്ചിരുന്നു. "ഷാഹിദ് രാജീ തുറമുഖ വാർഫിൽ സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് കാരണമായത്. പരിക്കേറ്റവരെ മാറ്റിപ്പാർപ്പിക്കുന്നതും മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റുന്നതും പുരോഗമിക്കുകയാണ്," ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.


"ഷാഹിദ് രാജി തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തിനും തീപിടുത്തത്തിനും കമ്പനിയുമായി ബന്ധപ്പെട്ട റിഫൈനറികൾക്കോ, ഇന്ധന ടാങ്കുകൾക്കോ,വിതരണ സമുച്ചയങ്ങൾക്കോ, എണ്ണ പൈപ്പ്ലൈനുകൾക്കോ, യാതൊരു ബന്ധവുമില്ല,"എൻഐപിആർഡിസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നും അതേസമയം,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ടെയ്നർ ഗതാഗതത്തിൻ്റെ ഒരു പ്രധാന കേന്ദ്രമാണ് ഷാഹിദ് രാജി തുറമുഖം. എന്നാൽ സ്ഫോടനവും തീപിടുത്തം തങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് നാഷണൽ ഇറാനിയൻ പെട്രോളിയം റിഫൈനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി (എൻഐപിആർഡിസി)വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com