കണ്ണൂരില്‍ 49കാരനെ വെടിവെച്ച് കൊന്നു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ശ്രീകണ്ഠാപുരം സ്വദേശിയായ രാധാകൃഷ്ണൻ കഴിഞ്ഞ കുറച്ച് കാലമായി കൈതപ്രത്താണ് താമസം
കൊല്ലപ്പെട്ട രാധാകൃഷ്ണന്‍
കൊല്ലപ്പെട്ട രാധാകൃഷ്ണന്‍
Published on

കണ്ണൂർ കൈതപ്രത്ത് 49 കാരനെ വെടിവെച്ചു കൊന്നു. രാധാകൃഷ്ണൻ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. വൈകീട്ട് 7.30 ന് രാധാകൃഷ്ണന്‍റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലായിരുന്നു കൊലപാതകം. പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കാരണം വ്യക്തമല്ല. പ്രതി ഫോണിൽ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. രാധാകൃഷ്ണന്‍റെ നെഞ്ചിലേറ്റ വെടിയാണ് മരണ കാരണം.

ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു രാധാകൃഷ്ണന്‍. വീട് നിർമാണത്തിന്റെ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചില കുടുംബ വിഷയങ്ങളും കൊലപാതക കാരണമായിട്ടുണ്ടെന്നാണ് സൂചന. രാധാകൃഷ്ണനെ ഇന്ന് കൊലപ്പെടുത്തും എന്ന ധ്വനിയുള്ള പോസ്റ്റ് സന്തോഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. "കൊള്ളിക്കുക എന്നതാണ് ടാസ്ക്, കൊള്ളും എന്നുറപ്പ് " എന്നായിരുന്നു പോസ്റ്റ്. കൊലപാതകത്തിന് ഒരു മണിക്കൂർ മുൻപാണ് തോക്ക് പിടിച്ച് നിൽക്കുന്ന ഫോട്ടോ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്. സന്തോഷിന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസുള്ളതായും പറയപ്പെടുന്നു. എന്നാൽ ഈ കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകം നടത്തിയ ശേഷവും പോസ്റ്റിട്ടു.


നിർമാണത്തിലിരിക്കുന്ന വീടിന്റെ ഇഷ്ടിക നനയ്ക്കാനായി കുട്ടിയോടൊപ്പം എത്തിയപ്പോഴാണ് രാധാകൃഷ്ണനെ മദ്യലഹരിയിലെത്തിയ സന്തോഷ് വെടിവെച്ചത്. ഇത് കണ്ട് ഭയന്ന് കുട്ടി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വീടിന് മുന്നിലെ ​ഗ്രൗണ്ടിൽ വോളിബോൾ കളിച്ചുകൊണ്ടിരുന്നവർ കുട്ടി ഓടിപ്പോകുന്നത് കണ്ട് അവിടേക്ക് എത്തി. ആ സമയത്ത് സന്തോഷ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് നടന്ന തെരച്ചിലിലാണ് സന്തോഷിനെ പിടികൂടിയത്. ശ്രീകണ്ഠാപുരം സ്വദേശിയായ രാധാകൃഷ്ണൻ കഴിഞ്ഞ ആറ് വർഷമായി കൈതപ്രത്താണ് താമസം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com