
മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ശനിയാഴ്ച നടന്ന അക്രമത്തിൽ 6 പേർ കൊല്ലപ്പെട്ടു. മണിപ്പൂരിൽ രണ്ട് സമുദായങ്ങൾ തമ്മിൽ നടന്ന വെടിവെപ്പിലാണ് നാലു പേർ കൊല്ലപ്പെട്ടത്. ഒരാളെ ഉറങ്ങുന്നതിനിടെ വീട്ടിൽ കയറി വെടിവെച്ച് കൊല്ലുകയായിരുന്നു.
ഇതിനെ തുടർന്ന് രണ്ട് സമുദായങ്ങളിലെ സായുധരായ ആളുകൾ തമ്മിൽ കനത്ത വെടിവെപ്പ് നടന്നു. കഴിഞ്ഞ ദിവസം മണിപ്പൂരിലെ ബിഷ്ണുപ്പൂർ ജില്ലയിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ജിരിബാം ജില്ലയിലും ആക്രമണം നടന്നത്.
റിട്ടയേർഡ് പൊലീസ് ഓഫീസറുടെ ഉപേക്ഷിക്കപ്പെട്ടിരുന്ന വീടിന് തീയിട്ടതായുള്ള സംശയത്തെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ ആദിവാസി സംഘടനയായ തദ്ദേശ ഗോത്ര സംരക്ഷണ സമിതി തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 1 ന് മെയ്തേയ്, ഹമർ കമ്മ്യൂണിറ്റികളുടെ പ്രതിനിധികളുമായി നടന്ന യോഗത്തിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് ധാരണ ആയെങ്കിലും അതിന് ശേഷവും പുതിയ ആക്രമണങ്ങൾ പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ മെയ് മുതൽ കുക്കി-മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുമ്പോഴും ജിരിബാമിൽ വംശീയ കലാപങ്ങളൊന്നും നടന്നിരുന്നില്ല. എന്നാൽ ഈ വർഷം ജൂണിൽ ഒരു സമുദായത്തിലെ 59 കാരൻ മറ്റൊരു കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകളാൽ കൊല്ലപ്പെട്ടതാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്.
Also Read: മണിപ്പൂരിൽ വീണ്ടും ബോംബ് ആക്രമണം; രണ്ട് കെട്ടിടങ്ങൾ തകർന്നതായി പൊലീസ്