fbwpx
സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം; ഓംഡുർമാനിലെ ഷെല്ലാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 56 പേർ കൊല്ലപ്പെട്ടു
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Feb, 2025 06:26 AM

ആർഎസ്എഫിന് സ്വാധീനമുള്ള പടിഞ്ഞാറൻ ഓംഡുർമാൻ പ്രദേശത്ത് നിന്നാണ് ആക്രമണമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു

WORLD


സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു. ഓംഡുർമാൻ മാർക്കറ്റിലുണ്ടായ ഷെല്ലാക്രമണത്തിൽ 56 പേർ കൊല്ലപ്പെട്ടു. 158 പേർക്ക് പരിക്കേറ്റു. റാപിഡ് സപ്പോർട്ട് ഫോഴ്സിന് (ആർഎസ്എഫ്) സ്വാധീനമുള്ള പടിഞ്ഞാറൻ ഓംഡുർമാൻ പ്രദേശത്ത് നിന്നാണ് ആക്രമണമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാജ്യത്ത് റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സുഡാൻ സൈന്യവും തമ്മിലുള്ള ആക്രമണം ശക്തമാകുകയാണ്.



ആക്രമണത്തിൽ ആർഎസ്എഫിൽ നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ആക്രമണത്തെ അപലപിച്ചുകൊണ്ട് സാംസ്കാരിക മന്ത്രിയും സർക്കാർ വക്താവുമായ ഖാലിദ് അൽ-അലീസിർ രംഗത്തെത്തി. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നെന്ന് ഖാലിദ് അൽ-അലീസിർ പറഞ്ഞു. "ഇപ്പോൾ നടന്നിരിക്കുന്ന ആക്രമണം ഈ സൈന്യത്തിൻ്റെ രക്തരൂക്ഷിതമായ മറ്റൊരു ആക്രമണമായി റെക്കോർഡ് ചെയ്യപ്പെടും. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെ നഗ്നമായ ലംഘനമാണ്," സർക്കാർ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.



2023 ഏപ്രിലിലാണ് വംശീയ കലാപങ്ങൾ തുടർകഥയായ സുഡാനിൽ, ഇത്രയധികം അരക്ഷിതാവസ്ഥയുണ്ടാക്കിയ കലാപം പൊട്ടിപ്പുറപ്പെട്ടത്. സുഡാൻ സെെന്യമായ സുഡാനീസ് ആർമ്ഡ് ഫോഴ്സ് (എസ്എഎഫ്) തലവന്‍- അബ്ദുള്‍ ഫത്താഹ് അൽ-ബുർഹാനും, അർധസെെനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് തലവന്‍ ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള വർഷങ്ങൾ നീണ്ട അധികാര പോരാട്ടത്തിന്‍റെ ഫലമാണ് ഈ യുദ്ധം.


ALSO READ: ഫിലാഡൽഫിയയിലെ വിമാനപകടം: രോഗിയുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചു


ഇതുവരെ 20,000 ലധികം പേർ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ സന്നദ്ധസംഘടകള്‍ പുറത്തുവിട്ട മരണസംഖ്യ 40,000 ത്തോളമാണ്. യുഎൻ റിപ്പോർട്ടുപ്രകാരം, സുഡാന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന 2.5 കോടി പേരെ യുദ്ധം നേരിട്ട് ബാധിച്ചു. 40 ലക്ഷം കുട്ടികളടക്കം, 90 ലക്ഷത്തിനടുത്ത് സുഡാനി ജനത കുടിയൊഴിക്കപ്പെട്ടു. കടുത്ത ഭക്ഷ്യക്ഷാമത്തിന് പുറമെ, ചികിത്സാസംവിധാനങ്ങളില്ലാതെ വലയുന്നത് 4 കോടിയോളം ജനങ്ങളാണ്.


കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയായി ആഭ്യന്തര കലാപം മാറുമ്പോഴും, അന്താരാഷ്ട്ര ശ്രദ്ധ സുഡാനിലേക്ക് എത്തുന്നില്ല എന്നാണ് ഗാർഡിയന്‍ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ജനീവയിലേത് അടക്കം സമാധാന ചർച്ചകള്‍ പരാജയപ്പെടുമ്പോള്‍, ആർഎസ്എഫിന് ആയുധസഹായമടക്കം നല്‍കുന്ന യുഎഇയുടെ ഇടപെടല്‍ ചർച്ചയാക്കുന്നതില്‍ ഐക്യരാഷ്ട്രസംഘടന സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെട്ടു എന്ന ഗുരുതര ആരോപണവും നിലനില്‍ക്കുന്നുണ്ട്.


KERALA
പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ
Also Read
user
Share This

Popular

WORLD
NATIONAL
WORLD
Operation Sindoor | ജെയ്ഷെ മുഹമ്മദ് സുപ്രീം കമാന്‍ഡര്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു; കൊടും ഭീകരന്‍, കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരന്‍