
ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന 92-ാമത് ശിവഗിരി തീർഥാടന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി. 31ന് പുലർച്ചെ 5.30ന് തീർഥാടന ഘോഷയാത്ര ആരംഭിക്കും.
ഗുരു സ്വപ്നം കണ്ട പോലെ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി നാടിനെ നിലനിർത്താൻ നമുക്ക് കഴിഞ്ഞുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. പ്രതിഷ്ഠയുടെ അർഥത്തെ തന്നെ ഗുരു വിപ്ലവകരമായി പുനഃസൃഷ്ടിച്ചു. വിഗ്രഹം മാത്രമല്ല പ്രതിഷ്ഠിക്കാനുള്ളതെന്ന് കാട്ടി തന്നു. ജാതിക്കെതിരെ തന്നെയാണ് ഗുരു പ്രവർത്തിച്ചതെന്നും ജാതി എന്നതുകൊണ്ട് ഗുരു ഉദ്ദേശിച്ചത് മനുഷ്യജാതി തന്നെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാമൂഹിക നീതി ഇന്നും അകലെയാണെന്ന് സ്വാമി സച്ചിദാനന്ദ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലെ അധഃസ്ഥിത ജനത്തിന് ഇന്നും സാമൂഹ്യ നീതി ലഭിച്ചിട്ടില്ല. താഴെക്കിടക്കുന്ന ജനസമൂഹത്തെ മുഖ്യധാരയിൽ കൊണ്ടുവരണമെന്നും സച്ചിദാനന്ദ ആവശ്യപ്പെട്ടു.
ഗുരുദേവൻ ഒരിക്കലും മനുഷ്യനെ മാറ്റിനിർത്തി അവിടെ മതത്തെ പ്രതിഷ്ഠിക്കാൻ അനുവദിച്ചിട്ടില്ലെന്ന് പരിപാടിയില്‍ വിശിഷ്ടാഥിതിയായി പങ്കെടുത്ത കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹിന്ദു സന്യാസിയായ ഗുരുവിനെയാണ് ഇന്ന് ചിലർ കാണാൻ ശ്രമിക്കുന്നത്. മനുഷ്യനെ മതത്തോടും ദൈവത്തോടും അടുപ്പിച്ച ആളല്ല ഗുരു. മനുഷ്യനെ മനുഷ്യനോട് അടുപ്പിച്ച് ആളാണ് ശ്രീനാരായണഗുരുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി ഗുരു നിർദേശിച്ച എട്ട് വിഷയങ്ങളടിസ്ഥാനമാക്കി ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിലായി പത്ത് സമ്മേളനങ്ങൾ നടക്കും. 31ന് രാവിലെ 10ന് തീർഥാടന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് കൃഷി, കൈത്തൊഴിൽ, വ്യവസായം, ടൂറിസം - സമ്മേളനം കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് സർവമത സമ്മേളനം നടക്കും. ജനുവരി ഒന്നിന് രാവിലെ 10ന് വിദ്യാർഥി, യുവജന സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് സാഹിത്യ സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യനും ഉദ്ഘാടനം ചെയ്യും.