കുപ്പാടിത്തറ സ്വദേശിയായ ജെയ്സണെ കടം കൊടുത്ത 2500 രൂപ തിരിച്ചുചോദിച്ചതിന് നാലംഗ സംഘം വളഞ്ഞിട്ട് മർദിച്ചെന്നാണ് മകൾ അക്സ പൊലീസിൽ നൽകിയ പരാതി
മകൾ അക്സ, മർദനമേറ്റ ജെയ്സൺ
വയനാട് കുപ്പാടിത്തറയിൽ നാലംഗ സംഘത്തിന്റെ മർദനത്തിൽ 49കാരന് ഗുരുതരമായി പരിക്കേറ്റതായി പരാതി. കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് പിതാവ് ജെയ്സണെ മർദിച്ചെന്നും, പ്രതികൾക്കെതിരെ പൊലീസ് നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും മകൾ അക്സ ആരോപിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമല്ലെന്നാരോപിച്ച് കുടുംബം എസ്പിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുടുംബത്തിന്റെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് പൊലീസിൻ്റെ വിശദീകരണം.
കഴിഞ്ഞമാസം 20 ന് ഈസ്റ്റർ ദിനത്തിലാണ് സംഭവങ്ങളുടെ തുടക്കം. കുപ്പാടിത്തറ സ്വദേശിയായ ജെയ്സണെ കടം കൊടുത്ത 2500 രൂപ തിരിച്ചുചോദിച്ചതിന് നാലംഗ സംഘം വളഞ്ഞിട്ട് മർദിച്ചെന്നാണ് മകൾ അക്സ പൊലീസിൽ നൽകിയ പരാതി. നാട്ടുകാരായ വിനോദ്, രഞ്ജിത്ത്, പ്രകാശൻ, അനീഷ് എന്നിവർ മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആന്തരികമായി മാരക ക്ഷതമേറ്റ ജെയ്സന്റെ ചെറുകുടൽ പത്ത് സെൻ്റീമീറ്ററോളം മുറിച്ചുമാറ്റേണ്ടിവന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള ജയ്സന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണ്. എന്നാൽ കുടുംബത്തിന്റെ പരാതിയിൽ നിസാര വകുപ്പ് ചുമത്തിയാണ് കേസ് എടുത്തതെന്നും വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇവരെ അറസ്റ്റുചെയ്യാതെ പടിഞ്ഞാറത്തറ പൊലീസ് പ്രതികളെ സഹായിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
കൂലിപ്പണി ചെയ്ത് ജീവിച്ചിരുന്ന ജെയ്സന്റെ വരുമാനമായിരുന്നു കുടുംബത്തിന് ആശ്രയം. പ്രതികളെ വേഗത്തിൽ പിടികൂടണം എന്നാവശ്യപ്പെട്ട് ഇവർ ജില്ലാ കലക്ടർക്കും എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിൽ പാളിച്ചയുണ്ടെന്ന് കുടുംബം അറിയിച്ചിട്ടില്ലെന്നുമാണ് പടിഞ്ഞാറത്തറ പൊലീസിൻ്റെ വിശദീകരണം.