
നായകളിലെ പൊക്കമേറിയവനും പൊക്കം കുറഞ്ഞവളുമായി ഡേറ്റ് ഒരുക്കി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്. ഗ്രേറ്റ് ഡേൻ ഇനത്തിൽപ്പെട്ട റെഗ്ഗിയും നായകളിലെ ഏറ്റവും വലുപ്പം കുറഞ്ഞ ചുവാവ ഇനത്തിൽപ്പെട്ട പേളും തമ്മിലുള്ള കൂടിക്കാഴ്ച അമേരിക്കയിലെ ഐഡാഹോയിലായിരുന്നു. ഗിന്നസ് ലോക റെക്കോർഡിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇത്തരത്തിൽ രസകരമായ ഒരു ഒത്തൂകൂടൽ ഒരുക്കിയത്.
മൂന്ന് അടി മൂന്ന് ഇഞ്ച് ഉയരുമുള്ള ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട റെജിനാൾഡ് എന്ന റെഗ്ഗിയാണ് നായകളിലെ ഏറ്റവും ഉയരക്കാരൻ. ചുവാവ ഇനത്തിൽപ്പെട്ട 3.59 ഇഞ്ച് മാത്രം ഉയരമുള്ള പേളാണ് ഏറ്റവും ഉയരം കുറഞ്ഞ നായ. ഇരുവരും അമേരിക്കക്കാരാണ്.
ഇവർ തമ്മിൽ ഒരു ഒത്തുകൂടൽ ഒരുക്കിയാൽ എന്തെന്നായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരുടെ ചിന്ത. അങ്ങനെയാണ് റെഗ്ഗിയുടെ ഉടമസ്ഥയായ സാം ജോൺ റെയ്സിന്റെ ഐഡാഹോയിലെ വീട്ടിലേക്ക് പേളും ഉടമസ്ഥയായ വനേസ സെൽമറും എത്തി.
ആദ്യമായി കണ്ട റെഗ്ഗിയും പേളും വളരെ വേഗം തന്നെ സുഹൃത്തുക്കളായി സാമിനും വനേസയ്ക്കും ഇത് പുതിയൊരു അനുഭവമായിരുന്നു. ഏകദേശം മൂന്ന് അടിയുടെ ഉയര വ്യത്യാസം ഉള്ള ഈ നായ്ക്കൾ ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ നായ സ്നേഹികളിലും ഏറെ കൗതുകമുണർത്തി. ഇവർ ഒരുമിച്ച് നിൽക്കുന്ന വീടിനകത്തെയും പുറത്തെയും ഒക്കെ ദൃശ്യങ്ങൾ ഗിന്നസ് ബുക്ക് വേൾഡ് റെക്കോർഡ്സ് അധികൃതർ പകർത്തുകയും പങ്കുവയ്ക്കുകയും ചെയ്തു. ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.