എംആര്‍ഐ സ്‌കാനിങ്ങില്‍ ഇമാനെയ്ക്ക് പുരുഷ ലിംഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
പാരിസ് ഒളിംപിക്‌സില്‍ വനിതാ ബോക്‌സിങ്ങില്‍ സ്വര്‍ണ മെഡല്‍ നേടിയ അള്‍ജീരിയന്‍ താരം ഇമാനെ ഖെലീഫ് പുരുഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇമാനെ ഖെലീഫിന് ആന്തരിക വൃഷണങ്ങള്‍ ഉണ്ടെന്നും എക്‌സ്, വൈ ക്രോമസോം ഉണ്ടെന്നും വ്യക്തമാക്കുന്നതാണ് പുറത്തു വന്നിരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ജാഫര്‍ ഐത് ഔദിയയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
പാരിസിലെ ക്രെംലിന്‍ - ബ്രിസെട്ര ആശുപത്രിയിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ആശുപത്രിയിലെയും വിദഗ്ധര്‍ 2023ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് മാധ്യമപ്രവര്‍ത്തകന്‍ ചോര്‍ത്തി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇമാനെയെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എംആര്‍ഐ സ്‌കാനിങ്ങില്‍ ഇമാനെയ്ക്ക് പുരുഷ ലിംഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തിയതായി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജനിതകമായി പുരുഷനായി ജനിക്കുന്നവരില്‍ കാണുന്ന 5-ആല്‍ഫാ റിഡക്‌റ്റേസ് ഡെഫിഷ്യന്‍സിയും ഖെലീഫിന് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബയോളജിക്കല്‍ ഐഡന്റിറ്റിയും ഖെലീഫ് ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ ഐഡന്റിറ്റിയും ഒന്നാകുന്നതിന് ശസ്ത്രക്രിയയും ഹോര്‍മോണ്‍ തെറാപ്പിയും ചെയ്യേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ലോക ചാംപ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് 2023ല്‍ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ ഖെലീഫിനെ വിലക്കിയിരുന്നു.
പാരിസ് ഒളിംപിക്‌സില്‍ ഇമാനെയുടെ സ്വര്‍ണ നേട്ടം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വനിതകളുടെ 66 കിലോ ഗ്രാം വിഭാഗം ബോക്‌സിങ്ങിലായിരുന്നു വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംഭവം. ഇറ്റാലിയന്‍ താരം ഏഞ്ചല കരിനിയെയാണ് ഇമാനെ ഖെലീഫ് പരാജയപ്പെടുത്തിയത്.
മത്സരത്തിനിടെ ഇമാനെയുടെ ഇടിയേറ്റ് ഏഞ്ചലയുടെ മൂക്കില്‍ നിന്ന് രക്തം വന്ന സാഹചര്യമുണ്ടായി. ഉടന്‍ തന്നെ ഏഞ്ചല മത്സരത്തില്‍ നിന്ന് പിന്മാറി. തന്റെ ജീവന്‍ രക്ഷിക്കുന്നതിനായായിരുന്നു പിന്മാറ്റമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.