മണിരത്‌നവും റഹ്‌മാനും ഒന്നിക്കുന്ന 'തഗ് ലൈഫ്' ജൂണ്‍ അഞ്ചിനാണ് തിയേറ്ററിലെത്തുന്നത്
എ.ആര്‍. റഹ്‌മാനും മണിരത്‌നവും തമ്മിലുള്ള സിനിമാ ബന്ധം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കും. 'റോജ' മുതല്‍ വരാനിരിക്കുന്ന 'തഗ് ലൈഫ്' വരെയുള്ള നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്‌മാന്‍ മണിരത്‌നവുമായുള്ള ബന്ധത്തെ കുറിച്ചും ഇരുവര്‍ക്കും തമ്മിലുള്ള പരസ്പര ബഹുമാനത്തെ കുറിച്ചും സംസാരിച്ചു.
മണിരത്‌നവുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചതില്‍ എന്തെങ്കിലും വ്യത്യാസം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റഹ്‌മാന്‍. "ഇന്നും അന്നും ഞങ്ങള്‍ ഒരുപോലെയാണ്. ജിംഗിള്‍ ഇന്‍ഡസ്ട്രിയിലാണ് ഞാന്‍ എന്നെ തന്നെ കണ്ടെത്തിയത്. അദ്ദേഹം എന്റെ വളര്‍ച്ച കണ്ടിട്ടുണ്ട്. ഞാന്‍ ചെന്നൈയില്‍ താമസിച്ചിരുന്നപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നു. ഞാന്‍ ബോംബെ ഡ്രീംസ് ചെയ്യുമ്പോള്‍ അദ്ദേഹം സംഗീതത്തിനായി ലണ്ടനില്‍ വരുമായിരുന്നു. പക്ഷെ അദ്ദേഹം ബോളിവുഡിലേക്ക് വന്നില്ല. ഞാന്‍ വെര്‍ച്വല്‍ റിയാലിറ്റിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം അത് കാണുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്", എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു.
ഇരുവരും തമ്മിലുള്ള ക്രിയേറ്റീവ് വ്യത്യാസങ്ങളിലൂടെ എങ്ങനെയാണ് കടന്ന് പോകാറ് എന്നതിനെ കുറിച്ചും റഹ്‌മാന്‍ സംസാരിച്ചു. "പ്രേക്ഷകരെയും സിനിമയെയും സേവിക്കുക എന്നതാണ് ഞങ്ങളുടെ ബന്ധത്തിന്റെ ഉദ്ദ്യേശം. അതാണ് ഞങ്ങളുടെ പൊതുവായ ലക്ഷ്യം. അത് ഞങ്ങളെ മികവിലേക്ക് നയിക്കുന്നു. തഗ് ലൈഫിന്റെ അവസാന മിക്‌സിങ് നടക്കുന്ന സമയത്ത ഒരു പ്രത്യേക രംഗത്തില്‍ സംഗീതം അല്‍പം മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റുഡിയോയില്‍ നിന്ന് പോകുന്നതിന് കുറച്ച് മുന്‍പ് ഞങ്ങള്‍ അത് മാറ്റി. അതാണ് ഞങ്ങള്‍ക്കിടയിലുള്ള സ്വാതന്ത്ര്യം", എന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മണിരത്‌നവും റഹ്‌മാനും ഒന്നിക്കുന്ന 'തഗ് ലൈഫ്' ജൂണ്‍ അഞ്ചിനാണ് തിയേറ്ററിലെത്തുന്നത്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.