കേരളത്തിലെ യുവതലമുറയ്ക്കിടയിൽ സഞ്ജു എത്രമാത്രം ഹീറോയാണ് എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ
തിങ്കളാഴ്ച മുപ്പതാം വയസിലേക്ക് കടന്ന സഞ്ജു സാംസണിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് താരത്തിൻ്റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു. കേരളത്തിലെ യുവതലമുറയ്ക്കിടയിൽ സഞ്ജു എത്രമാത്രം ഹീറോയാണ് എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. നിരവധി പ്രമുഖരും സഞ്ജുവിൻ്റെ മുൻകാല കോച്ചുമാരും കൂട്ടുകാരുമെല്ലാം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
രാജസ്ഥാൻ റോയൽസിൻ്റെ കോച്ച് രാഹുൽ ദ്രാവിഡ് ഉൾപ്പെടെ വീഡിയോയിൽ പിറന്നാൾ ആശംസകൾ അറിയിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും സഞ്ജു ഏറെ വളർന്നെന്നും രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഒരു യഥാർത്ഥ നേതാവെന്ന നിലയിലും സഞ്ജു വളർച്ച കൈവരിച്ചതായും രാജസ്ഥാൻ കോച്ച് പ്രശംസിച്ചു. ദുബായിലേയും കേരളത്തിലേയും സഞ്ജുവിൻ്റെ ആരാധക പിന്തുണ നേരിൽക്കണ്ട് അമ്പരന്നിട്ടുണ്ടെന്നും ചെറുപുഞ്ചിരിയോടെ ദ്രാവിഡ് കൂട്ടിച്ചേർത്തു.
കേരളത്തിലെ കുട്ടികൾ സഞ്ജുവിനെ പോലെയൊരു വിക്കറ്റ് കീപ്പർ ബാറ്ററായി മാറാനാണ് ആഗ്രഹിക്കുന്നതെന്നും ആരാധകരിലൊരാൾ പറയുന്നു. കുരുന്ന പ്രതിഭകൾക്ക് ക്രിക്കറ്റ് ബാറ്റും ഗ്ലൗസും ഉൾപ്പെടെയുള്ള കിറ്റുകൾ സമ്മാനിക്കാറുള്ള സഞ്ജുവിൻ്റെ ദാനശീലത്തേയും നിരവധി ആരാധകർ ഓർത്തെടുത്തു.
ALSO READ: ബോർഡർ-ഗവാസ്കർ ട്രോഫി: പെർത്തിൽ ആദ്യമെത്തിയത് കോഹ്‌ലിയും ഗംഭീറും