fbwpx
നീലേശ്വരത്തെ വെടിക്കെട്ടപകടം: പ്രത്യേക സംഘം അന്വേഷിക്കും; 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Oct, 2024 06:12 PM

അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയാണ് പടക്കശേഖരത്തിന് തീപിടിച്ചത്

KERALA


നീലേശ്വരത്ത് കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്കാണ് മേല്‍നോട്ട ചുമതല. ഇതിൻ്റെ ഭാഗമായി അപകടങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ക്ഷേത്ര കമ്മിറ്റികളുമായി ചര്‍ച്ച നടത്തും. വെടിക്കെട്ട് നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്നതിന് ഉത്തമ ഉദാഹരണമാണ്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ പോലീസ് മേധാവി ഡി. ശില്പ പ്രതികരിച്ചു. അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയാണ് പടക്കശേഖരത്തിന് തീപിടിച്ചത്. സംഭവത്തില്‍ ക്ഷേത്രകമ്മിറ്റി അംഗങ്ങളായ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലാണ്.


സ്ത്രീകളും കുട്ടികളുമുൾപ്പെടെ 150 ലധികം ആളുകൾക്കാണ് പരുക്കേറ്റത്. 8 പേരുടെ നില ഗുരുതരമാണ്. ആളുകൾ തടിച്ചു കൂടുന്ന സ്ഥലമായത് കൊണ്ട് തന്നെ പെട്ടെന്ന് ഒരു അപകടം സംഭവിച്ചാൽ ആൾക്കാരെ എളുപ്പത്തിൽ മാറ്റുക എന്നത് പ്രയാസകരമായ ഒന്നാണ്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ചുതോറ്റം ചടങ്ങിനിടെയാണ് അപകടം നടക്കുന്നത്. പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. 

ALSO READ: നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ടപകടം; നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു

ചെറിയ തോതില്‍ പടക്കങ്ങള്‍ പൊട്ടിക്കാനാണെങ്കിലും നേരത്തെ തന്നെ അനുമതി തേടേണ്ടതുണ്ട്. 100 മീറ്റര്‍ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ പടക്കങ്ങള്‍ സൂക്ഷിച്ച ക്ഷേത്രത്തിന് സമീപത്തെ കലവറക്ക് സമീപത്ത് തന്നെയാണ് പടക്കങ്ങള്‍ പൊട്ടിച്ചത്. ക്ഷേത്ര മതിലിനോട് ചേർന്നുള്ള ഷീറ്റിട്ട കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.


സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയേയും കസ്റ്റഡിയിലെടുത്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ക്ക് തെറ്റുപറ്റി. പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അഭിപ്രായപ്പെട്ടു. അശ്രദ്ധമായി വെടിക്കെട്ട് നടത്തിയതിന് 8 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


ഉത്തര മലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ്. ഇനി ഉത്സവങ്ങള്‍ നടക്കാനിരിക്കുന്ന അമ്പലങ്ങളുടെ കമ്മിറ്റി അംഗങ്ങളുമായി സംസാരിക്കുമെന്നും ഇത്തരം അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോറന്‍സിക്, ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘം അപകടസ്ഥലത്ത് പരിശോധന നടത്തി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, മന്ത്രി പി. രാജീവ്, ഇ.പി ജയരാജന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

KERALA
Kerala Budget 2025 | 'കേരളത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന; തനത് വരുമാന വര്‍ധന സഹായകമായി'
Also Read
user
Share This

Popular

KERALA
WORLD
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ