ബോബി ചെമ്മണ്ണൂരിനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും; ഹണി റോസിന് പിന്തുണയുമായി കൂടുതൽ താരങ്ങൾ

സെൻട്രൽ എസിപി ജയകുമാറിൻ്റെ മേൽ നോട്ടത്തിൽ പത്ത് പേരുടെ അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഘത്തിൽ മൂന്ന് വനിത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്
ബോബി ചെമ്മണ്ണൂരിനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും; ഹണി റോസിന് പിന്തുണയുമായി കൂടുതൽ താരങ്ങൾ
Published on

നടി ഹണിറോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും. സെൻട്രൽ എസിപി ജയകുമാറിൻ്റെ മേൽ നോട്ടത്തിൽ പത്ത് പേരുടെ അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഘത്തിൽ മൂന്ന് വനിത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. പരാതിയിൽ നടി ഹണി റോസിന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തും. സ്ത്രീത്വത്തെ അപമാനിക്കൽ, ആക്ട് അടക്കം ജാമ്യമില്ലാത്ത വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കും.


നേരത്തെ തൻ്റെ തുറന്നുപറച്ചിലിന് താഴെ നടിക്കെതിരെ മോശം കമന്റിട്ട 30 പേർക്കെതിരെ സെൻട്രൽ പോലീസ് കേസെടുത്തിരുന്നു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തു, ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് അന്വേഷണം.

അതേസമയം, ഹണി റോസിന് പിന്തുണയുമായി കൂടുതൽ താരങ്ങൾ എത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ആർക്കും എന്തും വിളിച്ചു പറയാം എന്ന അവസ്ഥയാണ് ഉള്ളതെന്ന് നടി മാലാ പാർവതി പറഞ്ഞു. ഹണി റോസിനെതിരായ അധിക്ഷേപത്തിൽ വിഷമം തോന്നിയിരുന്നു. വെള്ള വസ്ത്രം ധരിച്ച് എന്തും പറയാം എന്ന അവസ്ഥയാണുള്ളത്. പണവും സ്വാധീനവും ഉള്ളതിന്റെ ധൈര്യമാണ് അധിക്ഷേപത്തിന് പിന്നിലെന്നും മാലാ പാർവതി പറഞ്ഞു.

മുഖം കാണിക്കാതെ എന്തും വിളിച്ചു പറയാം എന്ന അവസ്ഥയാണ് സോഷ്യൽ മീഡിയയിലെന്ന് നടൻ വിനു മോഹൻ പ്രതികരിച്ചു. ഹണിയുടെ പരാതി മറ്റു സ്ത്രീകൾക്കും പ്രചോദനം. നടിക്ക്‌ പിന്തുണയുമായി അമ്മ സംഘടന ഉണ്ടാകും. ഡീപ് ഫേസിങ് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ സൈബർ പോലീസ് കൃത്യമായി ഇടപെടണമെന്നും വിനു മോഹൻ ന്യൂസ്‌ മലയാളത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പിന്തുണയുമായി മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമിന്‍ ഇന്‍ സിനിമ കളക്ടീവും രംഗത്തെത്തിയിരുന്നു. നടി ഹണി റോസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട കുറിപ്പ് പങ്കുവെച്ചുകൊണ്ട് അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടിയാണ് ഡബ്ല്യുസിസി പിന്തുണ അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com