
ഇല്ലിക്കൽ കല്ലിൽ നിന്ന് മടങ്ങിയ ട്രാവലർ അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരുക്ക്. പോണ്ടിച്ചേരി കാരയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്നു. വാഹനം വീണ്ടും മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായത്.
മേലെടുക്കം എസ് വളവ് ഭാഗത്ത് വച്ച് കയ്യാലയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ദാസ് (35), അയ്യപ്പൻ (32), വെങ്കിടേശ് (34), ഫാസിൽ (26), നസീം (25), അയ്യപ്പൻ (35), ഡ്രൈവർ അശോക് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ സാരമുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു.