
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതി അർജുനെ വിചാരണ കോടതി വെറുതേ വിട്ടിട്ട് ഇന്ന് ഒരു വർഷം. പ്രതിയെ വെറുതേ വിട്ടതിനെതിരെ മാതാപിതാക്കൾ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പബ്ലിക് പ്രോസിക്യൂട്ടറെ ഇതുവരെ നിയമിക്കാത്തതിനാൽ കേസിൽ വാദം ആരംഭിച്ചിട്ടില്ല. ഒരു വർഷം മുൻപ് ഉണ്ടായ വിധിയിൽ മനോനില തകർന്ന അവസ്ഥയിലാണ് പെൺകുട്ടിയുടെ കുടുംബം.
വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശിയായ ആറു വയസുകാരിയെ 2021 ജൂൺ മുപ്പതിനാണ് പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. അയൽവാസിയായ അർജുനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഡിസംബർ 14ന് കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി അർജുനെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞു. പൊലീസിൻറെ വീഴ്ചകൾ നിരത്തിയായിരുന്നു കോടതി വിധി പറഞ്ഞത്.
പൊലീസിൻ്റെ വീഴ്ചയ്ക്കെതിരെ വലിയ സമരങ്ങളാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയത്. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി. സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. വിധിക്കെതിരെ ഏഴു ദിവസത്തിനുള്ളിൽ തന്നെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. നീതി ലഭിക്കാൻ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് പെൺകുട്ടിയുടെ പിതാവിനും അടുത്ത ബന്ധുക്കൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു ഉറപ്പ് നൽകിയിരുന്നു.
സർക്കാരിൻറെ ആവശ്യപ്രകാരം പ്രോസിക്യൂട്ടറായി നിയമിക്കാൻ മൂന്ന് പേരുകൾ നൽകിയതായി കുട്ടിയുടെ കുടുംബം പറയുന്നു. അർജുൻറെ കുടുംബത്തിന്റെ ഭീഷണി ഇപ്പോഴും തുടരുന്നുണ്ടെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
പൊലീസിൻറെ വീഴ്ചയാണ് വിചാരണ കോടതിയിൽ ഇത്തരമൊരു വിധിയുണ്ടാക്കാൻ കാരണമെന്ന്, ഹൈക്കോടതിയിൽ തെളിയിക്കാനുള്ള കുടുംബത്തിൻറെ അവസരമാണ് സർക്കാർ അലംഭാവത്തിൽ അനിശ്ചിതമായി നീണ്ടുപോകുന്നത്.