ദേശീയ പാർട്ടികളുടെ അധ്യക്ഷന്മാർക്ക് സർക്കാർ വസതിക്ക് അവകാശമുണ്ട്, കെജ്‌രിവാളിനും നൽകണം; എഎപി

എല്ലാ ദേശീയ പാർട്ടികൾക്കും ഡൽഹിയിൽ നിന്ന് പ്രവർത്തിക്കാനായി ഓഫീസ്, പാർട്ടി തലവനുള്ള താമസം സൗകര്യം എന്നിവയ്ക്ക് അർഹതയുണ്ടെന്നും രാഘവ് ഛദ്ദ
ദേശീയ പാർട്ടികളുടെ അധ്യക്ഷന്മാർക്ക് സർക്കാർ വസതിക്ക് അവകാശമുണ്ട്,  കെജ്‌രിവാളിനും നൽകണം; എഎപി
Published on



മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സർക്കാർ വസതി നൽകണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി. ഒരു ദേശീയ പാർട്ടിയുടെ കൺവീനറായതിനാൽ കെജ്‌രിവാളിന് അതിനുള്ള അർഹതയുണ്ടെന്നാണ് ആം ആദ്മി പാർട്ടിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് പാർട്ടി കത്ത് നൽകും. ഉടൻ തന്നെ കെജ്‌രിവാളിന് താമസസൗകര്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും എഎപി രാജ്യസഭാ എംപി രാഘവ് ചദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എല്ലാ ദേശീയ പാർട്ടികൾക്കും ഡൽഹിയിൽ നിന്ന് പ്രവർത്തിക്കാനായി ഓഫീസ്, പാർട്ടി തലവനുള്ള താമസം സൗകര്യം എന്നിവയ്ക്ക് അർഹതയുണ്ടെന്നും രാഘവ് ഛദ്ദ പറഞ്ഞു. 2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കുറച്ച് സീറ്റുകളും നല്ല വോട്ട് ശതമാനവും നേടിയതോടെയാണ് എഎപി ദേശീയ പാർട്ടിയായി മാറിയത്.

രണ്ട് വർഷത്തെ സമരത്തിനും കോടതിയുടെ ഇടപെടലിനും ശേഷമാണ് കേന്ദ്രം എഎപിക്ക് ഓഫീസ് നൽകിയത്. കഴിഞ്ഞ മാസമാണ് ഐടിഒയ്ക്ക് സമീപമുള്ള പഴയ ഡിഡിയു മാർഗ് ഓഫീസിൽ നിന്നും മാണ്ഡി ഹൗസിലെ രവിശങ്കർ ശുക്ല ലെയ്നിലുള്ള പുതിയ ഓഫീസിലേക്ക് എഎപി മാറിയത്.

പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് സർക്കാർ താമസസൗകര്യം ഒരുക്കണം. അത് അദ്ദേഹത്തിൻ്റെയും ആം ആദ്മി പാർട്ടിയുടെയും അവകാശമാണ്. കാലതാമസവും രാഷ്ട്രീയ പരിഗണനയും കൂടാതെ നിയമങ്ങൾ പാലിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നതായും രാഘവ് ഛദ്ദ പറഞ്ഞു.

ബിജെപിയുടെ ജെപി നദ്ദ, കോൺഗ്രസിൻ്റെ മല്ലികാർജുൻ ഖാർഗെ, ബിഎസ്പിയുടെ മായാവതി എന്നിവരുൾപ്പെടെ രാജ്യത്തെ ആറ് ദേശീയ പാർട്ടികളുടെ അധ്യക്ഷന്മാർക്ക് രാജ്യതലസ്ഥാനത്ത് സർക്കാർ വസതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കെജ്‌രിവാളിനും അതിനുള്ള അർഹതയുണ്ട്. ഇതിനായി എഎപി നിയമപോരാട്ടം നടത്തേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നതായും രാഘവ് ചദ്ദ കൂട്ടിച്ചേർത്തു.

ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യത്തിൽ 15 ദിവസത്തിനകം അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗിക വസതിയിൽ നിന്ന് മാറുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു. വടക്കൻ ഡൽഹിയിലെ സിവിൽ ലൈനിലുള്ള ഔദ്യോഗിക ബംഗ്ലാവ് ഉൾപ്പെടെ എല്ലാ സർക്കാർ സൗകര്യങ്ങളും കെജ്‌രിവാൾ ഒഴിയുമെന്ന് എഎപി എംപി സഞ്ജയ് സിങ് ആണ് അറിയിച്ചത്.

സുരക്ഷാ ആശങ്കയില്ലെന്നും സാധാരണക്കാർക്കിടയിൽ ജീവിക്കുമെന്നുമാണ് കെജ്‌രിവാളിന്റെ നിലപാട്. ഔദ്യോഗിക വസതി വിട്ട ശേഷം കെജ്‌രിവാളും കുടുംബവും ഡൽഹിയിൽ തങ്ങുമെന്നും സഞ്ജയ് സിങ് വ്യക്തമാക്കിയിരുന്നു. ഇവർക്ക് അനുയോജ്യമായ താമസ സൗകര്യങ്ങൾക്കായുള്ള അന്വേഷണം നടന്നുവരികയാണെന്നും പാർട്ടി ഭാരവാഹികൾ അറിയിച്ചിരുന്നു. നിയമമനുസരിച്ച്, രാജിവച്ച് ഒരു മാസത്തിനകമാണ് കെജ്‌രിവാൾ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com