പത്തനംതിട്ടയിലുണ്ടായ അപകടം അതീവ ദുഃഖകരം, പല അപകടങ്ങളും അശ്രദ്ധമൂലം: കെ.ബി. ഗണേഷ് കുമാർ

മുഖ്യമന്ത്രിയെ ശ്രദ്ധയിൽപ്പെടുത്തി പൊലീസിൻ്റെ സഹായത്തോടെ ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു
പത്തനംതിട്ടയിലുണ്ടായ അപകടം അതീവ ദുഃഖകരം, പല അപകടങ്ങളും അശ്രദ്ധമൂലം: കെ.ബി. ഗണേഷ് കുമാർ
Published on

പത്തനംതിട്ട അപകടം വളരെ ദുഃഖകരമായ സംഭവമെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഡ്രൈവ് ചെയ്തിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടകാരണം. പല അപകടങ്ങളും അശ്രദ്ധമൂലമാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രിയെ ശ്രദ്ധയിൽപ്പെടുത്തി പൊലീസിൻ്റെ സഹായത്തോടെ ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല സീസൺ ആയതിനാൽ, ആയിരക്കണക്കിന് വണ്ടികളാണ് പോകുന്നത്. ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വന്നാൽ ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണം. പല വാഹനങ്ങളും റോഡിലെ വരകൾ പാലിക്കാതെ റോങ് സൈഡിൽ ആണ് വരുന്നത്. ഓലവക്കോട് - മണ്ണാർക്കാട് റോഡിൻ്റെ പണിയിൽ അശാസ്ത്രീയതയുണ്ട്. അപകടത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിയ റോഡ് ആണ്. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയുള്ള നിർമാണമാണ് നടന്നിട്ടുള്ളത്. 2021ഇൽ സ്ഥലം എംഎൽഎ റോഡിനെപറ്റി പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ നാഷണൽ ഹൈവേയോട് അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടതാണ്. നടപടി ഉണ്ടായില്ല, ഇതിൽ ഉടൻ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

അപകടകാരണങ്ങൾ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഐഎഎസും പറഞ്ഞു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി ചർച്ച ചെയ്തശേഷം നടപടിയെടുക്കും. അടിയന്തരമായി അപകടസൂചന ബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കുമെന്നും കളക്ടർ പറഞ്ഞു. ആശുപത്രിയിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ.

പത്തനംതിട്ട കൂടലിൽ പുലർച്ചെ നാല് മണിയോടെയാണ് ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് കുടുംബാം​ഗങ്ങളായ നാല് പേർ മരിച്ചത്. മല്ലശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി, ഈപ്പൻ, അനു, നിഖിൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ ഹണിമൂണിന് പോയതായിരുന്നു. ഇവരുമായി വിമാനത്താവളത്തിൽ നിന്ന് മടങ്ങി വരുന്ന വഴിയാണ് അപകടമുണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com