
കോട്ടയം എരുമേലി നഗരത്തിൽ സംഘർഷമുണ്ടാക്കിയ പ്രതിയെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ചതായി പരാതി. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ സ്റ്റേഷനിൽ വെച്ച് അക്രമസ്വഭാവം കാണിച്ച പ്രതിയെ കീഴ്‌പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് പൊലീസിൻ്റെ വിശദീകരണം.
എരുമേലി പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ വട്ടം ചേർന്ന് പ്രതിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടെയുണ്ടായിരുന്നയാൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണിവ. എന്നാൽ സ്റ്റേഷനുള്ളിൽ വെച്ച് അക്രമ സ്വഭാവം കാണിച്ച പ്രതിയെ കീഴ്‌പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് വിശദീകരിച്ചു. അതേസമയം ഈ പ്രതികൾ ഞായറാഴ്ച രാത്രി എരുമേലി നഗരത്തിൽ വെച്ച് പോലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.
നഗരത്തിൽ പ്രശ്നം സൃഷ്ടിച്ച മദ്യപസംഘത്തെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സംഘം പിടിച്ചുതള്ളുകയും മർദിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കനകപ്പാലം സ്വദേശികളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മുമ്പ് നിരവധി കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.