
ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. 87 വയസായിരുന്നു. മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. പിത്താശയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പുരബ് ഔർ പശ്ചിം (1970), ക്രാന്തി (1981), ഉപ്കാർ (1967) തുടങ്ങിയ ദേശഭക്തി സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ നടൻ ഭാരത് കുമാർ എന്നും അറിയപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ പാകിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ) വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ ഒരു ചെറിയ പട്ടണമായ അബോട്ടാബാദിൽ 1937ൽ ജനിച്ച കുമാർ, ഹരികൃഷ്ണൻ ഗോസ്വാമി എന്നാണ് അറിയപ്പെട്ടിരുന്നത്. 1957 ൽ 'ഫാഷൻ' എന്ന ചിത്രത്തിലൂടെയാണ് മനോജ് കുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സയീദ ഖാനൊപ്പം അഭിനയിച്ച കാഞ്ച് കി ഗുഡിയയിലൂടെ (1961) സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു.
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് മനോജ് കുമാർ നൽകിയ സംഭാവനകൾക്ക് അദ്ദേഹത്തിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 1992ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.