fbwpx
'ടർക്കിഷ് തർക്കം' മുറുകുന്നു; സിനിമ പിന്‍വലിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമായ ഉത്തരം കിട്ടിയില്ലെന്ന് ലുക്മാനും സണ്ണി വെയ്നും
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Nov, 2024 06:48 AM

കഴിഞ്ഞ ദിവസമാണ് മതനിന്ദ ആക്ഷേപത്തെ തുടർന്ന് സിനിമ താല്‍ക്കാലികമായി പിൻവലിക്കുന്നുവെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്

KERALA


'ടർക്കിഷ് തർക്കം' എന്ന മലയാള സിനിമ തീയേറ്ററിൽ നിന്ന് പിൻവലിച്ചതില്‍ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ ലുക്മാന്‍ അവറാന്‍. സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്തപെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ലെന്നാണ് ലുക്മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് മതനിന്ദ ആക്ഷേപത്തെ തുടർന്ന് സിനിമ താല്‍ക്കാലികമായി പിൻവലിക്കുന്നുവെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. സിനിമയുടെ പ്രമോഷനുവേണ്ടിയാണ് മതനിന്ദാ വിവാദം ഉയർത്തുന്നതെന്ന ആരോപണവും സജീവമാണ്. സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി തനിക്കോ തന്‍റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവില്ലെന്നും ലുക്മാന്‍ പോസ്റ്റില്‍ പറയുന്നു.

സിനിമ പിന്‍വലിച്ചത് സമൂഹ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സണ്ണി വെയ്‌നും പ്രതികരിച്ചു.


സണ്ണി വെയിനിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാന്‍ അറിയിക്കുന്നു. സിനിമ പിന്‍വലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാന്‍ നിര്‍മ്മാതാവിനോട് തിരക്കിയപ്പോള്‍ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിന്‍വലിച്ച വിവരം ഞാന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയുമാണ്. എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എൻ്റെ എളിയ അഭിപ്രായം. ഇതിൻ്റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.

Also Read: മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം; ടര്‍ക്കിഷ് തര്‍ക്കം തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു


ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നവാഗതനായ നവാസ് സുലൈമാൻ രചനയും സംവിധാനവും നിർവഹിച്ച ടർക്കിഷ് ത‌ർക്കം തീയേറ്ററുകളിലെത്തിയത്. സണ്ണി വെയ്‌നും ലുക്‌മാൻ അവറാനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ഇസ്ലാം മതാചാര പ്രകാരം നടക്കുന്ന ഖബറടക്കവും അതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശ്നങ്ങളുമായിരുന്നു പ്രമേയം. ചിത്രത്തിലെ ചില സംഭാഷണങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരിലാണ് തീയേറ്ററിൽനിന്ന് സിനിമ പിൻവലിച്ചതെന്നാണ് അണിയറ പ്രവർത്തകരുടെ വാദം.

Also Read: ലാപത്താ ലേഡീസ് പ്രമോഷന്‍ ഇനി അമേരിക്കയില്‍

എന്നാൽ, ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമാക്കാതിരുന്നതിനാല്‍ അതും വിവാദങ്ങൾക്ക് കാരണമായി. സിനിമ പരാജയപ്പെടുന്നതിനു മതങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞ് സിനിമയുടെ ആദ്യ പിആർഒ കൂടി രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമായി. പൊളിഞ്ഞ സിനിമയെ രക്ഷിക്കാൻ മതനിന്ദ ആരോപിക്കുന്നത് ശുദ്ധ നെറികേടാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു. കച്ചവട താൽപ്പര്യങ്ങൾക്ക് വേണ്ടി സിനിമാ പ്രവർത്തകർ ഇത്തരം പ്രവണതകൾക്ക് കൂട്ടുനിൽക്കുന്നത് ശരിയല്ലെന്നും ബൽറാം വിമർശിച്ചു. എന്നാൽ സിനിമ പിൻവലിച്ചത് പ്രമോഷണൽ തന്ത്രമല്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് നിർമാതാവ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍‌ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ലുക്മാന്‍റെ പോസ്റ്റ്.

Also Read: ബയോപിക് കഴിഞ്ഞു, ഇനി മസാല സിനിമകള്‍: രണ്‍ദീപ് ഹൂഡ


ലുക്മാൻ അവറാന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.

അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല.

ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.

അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശ്യങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.

WORLD
യുദ്ധം അവസാനിക്കുമോ? ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ഇടപെടലുകൾ വേഗത്തിലാക്കി യുഎസ്
Also Read
user
Share This

Popular

WORLD
FOOTBALL
WORLD
ജപ്പാനിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്; റിക്ടർ സ്കെയിലിൽ 6.8 തീവ്രത