
80കളിൽ വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വിറപ്പിച്ച നടനായിരുന്നു ബാലൻ കെ. നായർ. അച്ഛൻ്റെ അതേ പാത പിന്തുടർന്നാണ് മേഘനാഥനും മലയാള സിനിമയിൽ തൻ്റേതായൊരിടം വെട്ടിപ്പിടിച്ചത്. പരുക്കൻ നോട്ടങ്ങളിലൂടെയും ഘനഗംഭീരമായ ശബ്ദത്തിലൂടെയും കാഴ്ചക്കാരനെ ഭയപ്പെടുത്തിയ ബാലൻ കെ. നായരുടെ അതേ വഴി തന്നെയാണ് മേഘനാദനും തെരഞ്ഞെടുത്തത്.
ദിലീപ് ചിത്രങ്ങളായ 'ഈ പുഴയും കടന്നി'ലെ വില്ലനായ രഘുവിനേയും 'ഉല്ലാസപ്പൂങ്കാറ്റി'ലെ കാളിയപ്പനേയും മലയാളികൾക്ക് മറക്കാനാകുന്നതെങ്ങനെ? 'ഒരു മറവത്തൂർ കനവി'ലെ ഡ്രൈവർ തങ്കപ്പനും 'ചന്ദ്രനുദിക്കുന്ന ദിക്കി'ലെ തിമ്മയ്യയും മേഘനാദന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു.
1980ൽ പി.എൻ. മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദന്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, രാഷ്ട്രം, സൺഡേ ഹോളിഡേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
ആദ്യകാലത്ത് വില്ലൻവേഷങ്ങളിൽ തിളങ്ങിയ മേഘനാദൻ പിന്നീട് ക്യാരക്ടർ വേഷങ്ങളിലൂടെയും കാണികളെ വിസ്മയിപ്പിച്ചു. നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിലെ മേഘനാദന്റെ രാജേന്ദ്രൻ എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. നാൽപ്പത് കൊല്ലത്തോളം നീണ്ട അഭിനയസപര്യയിൽ അമ്പതിലധികം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും മേഘനാദൻ വേഷമിട്ടു.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ മൃതദേഹം ഷൊർണൂർ പരുത്തിപ്രയിലുള്ള തറവാട്ടു വീട്ടിൽ എത്തിച്ചിരുന്നു. പിതാവിൻ്റെ സ്മൃതി കുടീരത്തിന് സമീപത്തായാണ് മേഘനാദനും ഇന്ന് അന്ത്യ വിശ്രമമൊരുക്കുന്നത്. മലയാള സിനിമാ ലോകത്തെ നിരവധി പേർ ഇവിടേക്ക് ഒഴുകിയെത്തും. സംസ്കാരം ഉച്ചക്ക് 2 മണിക്ക് ശേഷം നടക്കും.