പരാതിക്കാരിയെ അറിയില്ല, കണ്ടിട്ടില്ല; ഏത് അന്വേഷണത്തിനും തയ്യാർ: നിവിന്‍ പോളി

നാളെയും ആർക്കെതിരെയും ആരോപണങ്ങൾ ഉയരാം. അവർക്ക് കൂടി വേണ്ടിയാണ് ഞാൻ ഇപ്പോൾ സംസാരിക്കുന്നത്.
പരാതിക്കാരിയെ അറിയില്ല, കണ്ടിട്ടില്ല; ഏത് അന്വേഷണത്തിനും തയ്യാർ: നിവിന്‍ പോളി
Published on

പീഡനാരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്ന് നടന്‍ നിവിന്‍ പോളി. തനിക്കെതിരെ ഉണ്ടായ ആരോപണം അടിസ്ഥാന രഹിതമാണ്. ഇതാദ്യമായാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണം വരുന്നത്. നിയമത്തിന്‍റെ എല്ലാ വഴികളും സ്വീകരിക്കും. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കാന്‍ തയാറാണ്. ഒന്നരമാസം മുന്‍പ് ഊന്നുകല്‍ പോലീസില്‍ നിന്ന് വിളിച്ചിരുന്നു, വ്യാജാരോപണം ആണെന്ന് അന്ന് തന്നെ അറിയിച്ചിരുന്നു. ഇത് മനപൂര്‍വം ഉള്ള പരാതിയാണിത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് മനസിലാക്കുന്നതെന്നും നിവിന്‍ പോളി പറഞ്ഞു.

നാളെയും ആർക്കെതിരെയും ആരോപണങ്ങൾ ഉയരാം. അവർക്ക് കൂടി വേണ്ടിയാണ് ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ വരുമ്പോള്‍ അത് ആര്‍ക്കെതിരെ വേണമെങ്കിലും വരാം. എല്ലാവര്‍ക്കും ജീവിക്കണമല്ലോ. ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. ആരെങ്കിലും സംസാരിച്ച് തുടങ്ങണമല്ലോ അത് കൊണ്ടാണ് ഉടനടി പ്രതികരിച്ചതെന്നും നിവിന്‍ പോളി പറഞ്ഞു. 

പ്രതിപ്പട്ടികയിലെ ഒരാളായ നിര്‍മാതാവ് എ.കെ സാജനെ അറിയാം. ബിസിനസ് ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാറുണ്ട്.വ്യക്തിപരമായ ബന്ധമില്ലെന്നും നിവിന്‍ പറഞ്ഞു. ദുബായ് മാളില്‍ വെച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും മറ്റ് പ്രതികളെ അറിയില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. വ്യാജ ആരോപണങ്ങൾക്ക് ഇനിയെങ്കിലും അവസാനം വേണമെന്നാണ് ആഗ്രഹം. ആരോപണങ്ങൾ കുടുംബത്തെയും വേദനിപ്പിക്കും. അവർ തന്റെ കൂടെയുണ്ട് .ധൈര്യമായി ഇരിക്കാൻ അമ്മ പറഞ്ഞു. ഡിജിപിയ്ക്ക് നേരിട്ട് പരാതി നല്‍കും അതിനുള്ള തയാറെടുപ്പിലാണെന്നും നിവിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'എല്ലാ ദിവസവും സിനിമാക്കാർക്കെതിരെ വാർത്തകൾ വരുന്നുണ്ട്. ഏതാണ് സത്യമെന്ന് അറിയില്ല. ആരും കൂടെയില്ലെങ്കിലും ഒറ്റയ്ക്ക് നേരിടാൻ ഞാൻ തയാറാണ്. മറ്റുള്ളവർക്കെതിരെ വന്ന ആരോപണങ്ങൾ അറിയില്ല. അതും നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. മാധ്യമങ്ങളും സത്യം അന്വേഷിക്കണം ' - നിവിന്‍ പോളി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com