നടൻ്റെ ഫോൺ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് നൽകുന്ന വിവരം
ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദീഖ് ഒളിവിൽ പോയതായി സൂചന. ചൊവ്വാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രത്യേകാന്വേഷണ സംഘം സിദ്ദീഖിനെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയത്. നടൻ്റെ ഫോൺ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ സിദ്ദീഖിനെ അറസ്റ്റ് ചെയ്യാനാണ് പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ച നിർദേശം. ഡി.ഐ.ജി അജിതാ ബീഗത്തിൻ്റെ നേതൃത്വത്തിലാണ് യോഗം ചേർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. തിരുവനന്തപുരത്തെ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ ടീമും സിദ്ദീഖിനെ തെരയുകയാണ്.
അതേസമയം, സിദ്ദീഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി ചില നിർണായകമായ നിരീക്ഷണങ്ങളും നടത്തി. പരാതിക്കാരിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, പരാതി നൽകാൻ വൈകിയെന്നതു കൊണ്ട് കുറ്റമില്ലാതാകുന്നില്ലെന്നും കൂട്ടിച്ചേർത്തു. ബലാൽസംഗ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.
READ MORE: ബലാത്സംഗ കേസ്: നടൻ സിദ്ദീഖിന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി ഹൈക്കോടതി
അതേസമയം, കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് സിദ്ദീഖിനെതിരെ പരാതി നൽകിയ നടി മാധ്യമങ്ങളോട് പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അതിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി DGPക്ക് പരാതി നൽകിയെന്നും പരാതിക്കാരി അറിയിച്ചു.