'കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമം'; സിദ്ദീഖ് മോശമായി പെരുമാറിയെന്ന പ്രചാരണം തള്ളി ആശാ ശരത്

സിദ്ദീഖില്‍ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും ആശ
'കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമം'; സിദ്ദീഖ് മോശമായി പെരുമാറിയെന്ന പ്രചാരണം തള്ളി ആശാ ശരത്
Published on


'ദൃശ്യം' സിനിമയുടെ ചിത്രീകരണത്തിനിടെ സിദ്ദീഖ് മോശമായി പെരുമാറിയെന്ന സോഷ്യല്‍ മീഡിയ പ്രചരണം തള്ളി നടി ആശ ശരത്. കലാരംഗത്തെ തന്‍റെ നല്ല സഹപ്രവര്‍ത്തകനും നല്ല സുഹൃത്തുമാണ് സിദ്ദീഖ്. അദ്ദേഹത്തിൽ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് ആശ ശരത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ദയവ് ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ആശ കൂട്ടിച്ചേര്‍ത്തു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്ക് ഒരു മാതൃകയായി വളരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ആശ പറഞ്ഞു. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ തുറന്നു കാട്ടാന്‍ കഴിയണം. ഇത്തരത്തിൽ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ആശ പറഞ്ഞു.

ആശ ശരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്


പ്രിയപ്പെട്ടവരെ 

ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് .അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തിൽ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ്‌ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട് .അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം.

ഇത്തരത്തിൽ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും. കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാൾക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തിൽ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തോരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു

സ്നേഹപൂർവ്വം ആശാ ശരത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com