
സംവിധായകന്‍ കതകില്‍ മുട്ടിയ സംഭവത്തില്‍ അഭിനേതാക്കളുടെ സംഘടനയായ AMMA-യ്ക്ക് വീണ്ടും പരാതി നല്‍കി നടി. 2018 ഒക്ടോബറില്‍ വിഷയം ചൂണ്ടിക്കാട്ടി നടി സംഘടനയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് AMMA പ്രസിഡന്‍റിനും ജനറല്‍ ബോഡിക്കും നടി വീണ്ടും പരാതി നല്‍കിയത്.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് ഇതുവരെ നടിമാരുടെ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ജനറല്‍ സെക്രട്ടറി സിദ്ദിഖ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 2006-ല്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് 2018-ല്‍ ഒരു പരാതി ലഭിച്ചിരുന്നെങ്കിലും പരിഗണിക്കാന്‍ സാധിച്ചിരുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നടി വീണ്ടും നേതൃത്വത്തിന് ഇമെയില്‍ വഴി പരാതി നല്‍കിയത്.
2006-ൽ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ സംവിധായകൻ കതക് തകർന്ന് പോകുന്ന ശക്തിയിൽ തുടർച്ചായി മൂന്ന് ദിവസം കതകിൽ തട്ടി. കൂടെ അഭിനയിച്ച മറ്റൊരാളോട് പരാതി പറഞ്ഞതോടേ മുറി മാറ്റി കൊടുത്തു.എന്നാൽ പിന്നീട് അവസരങ്ങൾ ഒന്നും ലഭിച്ചില്ല. അവസരങ്ങൾ ചോദിച്ചാൽ സംവിധായകനോടോ നിർമ്മാതാവിനോടോ നടനോടോ സഹകരിക്കണമെന്ന് ആവശ്യപ്പെടും. ഇതോടെയാണ് 2018-ല്‍ പരാതി നൽകിയത്. എന്നാൽ അന്ന് പരാതി നൽകിയതല്ലാതെ നടപടിയൊന്നും ഉണ്ടായിട്ടില്ല.ഇതോടെയാണ് വീണ്ടും പരാതി നൽകിയതെന്നും നടി ചൂണ്ടികാട്ടുന്നു.