നടിയെ ആക്രമിച്ച കേസ്; രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് തെളിഞ്ഞിട്ടും നടപടിയില്ല
നടിയെ ആക്രമിച്ച കേസ്; രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
Published on

നടിയെ ആക്രമിച്ച കേസിൽ നീതി തേടി അതിജീവിത രാഷ്ട്രപതിക്ക് മുന്നിൽ. കേസിൽ രാഷ്ട്രപതിക്ക് കത്തയച്ചു. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് തെളിഞ്ഞിട്ടും നടപടിയില്ല. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും പരാതി കൊടുത്തിട്ടും ഫലം ഉണ്ടായില്ലെന്നും കാട്ടിയാണ് കത്തയച്ചത്. രാഷ്ട്രപതി ഇടപെടണമെന്നും അതിജീവിത കത്തിൽ പറയുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ അന്തിമവാദം നാളെ ആരംഭിക്കാനിരിക്കെയാണ് രാഷ്ട്രപതിക്ക് അതിജീവിത കത്തയച്ചത്. മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി കോടതികൾ തള്ളിയിരുന്നു.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി നേരത്തെ തളളിയിരുന്നു. ഇക്കാര്യം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. ഇതനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും അതിൽ കോടതികൾ ഇടപെട്ടില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകി, എന്നിട്ടും ഉത്തരവാദികൾക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും അതിജീവിത കത്തിൽ പറയുന്നു.

ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടതെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്തയക്കാൻ നിർബന്ധിതയാകുന്നതെന്ന് അതിജീവിത വ്യക്തമാക്കി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, എറണാകുളം സെഷൻസ് കോടതി, എറണാകുളം സിബിഐ പ്രത്യേക കോടതി എന്നിവിടങ്ങളിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്നാണ് സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ടിലുള്ളത്. 2018 ജനുവരി 9ന് അങ്കമാലി മജിസ്‌ട്രേറ്റായിരുന്ന ലീന റഷീദും ഡിസംബർ 13ന് ജില്ലാ സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹനുമാണ് കാർഡ് പരിശോധിച്ചത്.

ഇത് രണ്ടും കോടതിയുടെ അനുമതിയോടെയായിരുന്നു. അതിനാൽ പരിശോധനകളിൽ തെറ്റില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ 2021 ജൂലായ് 19ന് മെമ്മറി കാർഡ് പരിശോധിച്ചത് എറണാകുളം സിബിഐ പ്രത്യേക കോടതിയിലെ ശിരസ്തദാർ താജുദ്ദീനാണ്. സ്വന്തം വിവോ ഫോൺ ഉപയോഗിച്ച് താജുദ്ദീൻ നടത്തിയ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇതിൽ നടപടിയില്ലെന്നാണ് അതിജീവിതയുടെ ആരോപണം. അതേസമയം, അന്തിമ വാദം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന് പ്രൊസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. അന്തിമ വാദം നാളെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com